അതിരപ്പിള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടനം

post

തൃശൂര്‍ : അതിരപ്പിള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം ബി ഡി ദേവസ്സി എം എല്‍ എ നിര്‍വ്വഹിച്ചു. കളക്ടര്‍ എസ് ഷാനവാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് അനുവദിച്ച 44 ലക്ഷം രൂപ ചിലവഴിച്ചാണ് ഇരുനിലകളിലായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പണിപൂര്‍ത്തീകരിക്കുക. പഞ്ചായത്ത് ഓഫീസിന് സമീപത്തെ എക്സ് സര്‍വീസ് കോളനിയിലെ ആറര സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം വരിക. സ്മാര്‍ട്ട് വില്ലേജ് ഓഫീസായി മാറുന്നതോടെ ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. ഓഫീസ് സംവിധാനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറും. പഞ്ചായത്ത് പരിധിയിലെ 12 വാര്‍ഡുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പരിധിയില്‍ വരുന്നു. അതിരപ്പിള്ളിയിലെ 14 ആദിവാസി ഊരുകളിലുള്ളവരും ആശ്രയിക്കുന്നത് ഈ വില്ലേജ് ഓഫീസിനെയാണ്. ഊരുകളില്‍ കഴിയുന്നവര്‍ക്ക് കാലതാമസമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു വാഴക്കാല, ജില്ലാ പഞ്ചായത്ത് അംഗം സി.ജി. സിനി ടീച്ചര്‍, തഹസില്‍ദാര്‍ ഇ. എന്‍. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.