ലൈഫ് പദ്ധതി : രണ്ടാംഘട്ടംആദ്യഗഡു വിതരണം ആരംഭിച്ചു

post

തൃശൂര്‍ : കോര്‍പ്പറേഷന്‍ പരിധിയില്‍ ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടം ആറാം പ്രൊജക്റ്റ് ആദ്യ ഗഡു വിതരണോദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വ്വഹിച്ചു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. അര്‍ഹരായ എല്ലാ ഭവനരഹിതര്‍ക്കും ഭൂരഹിത ഭവനരഹിതര്‍ക്കുമായി അടച്ചുറപ്പുള്ള ഭവനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ഘട്ടമായി വേര്‍തിരിച്ചാണ് നടപ്പിലാക്കി വരുന്നത്. മുന്‍കാല പദ്ധതികളില്‍ നിന്ന് ധനസഹായം കൈപ്പറ്റി ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ കുടുംബങ്ങള്‍ക്ക് പൂര്‍ത്തീകരിക്കുന്നതിനുള്ള സഹായം നല്‍കുക, ഭൂമിയുള്ള ഭവനരഹിതര്‍ക്ക് അടച്ചുറപ്പുള്ള വീട് ഉറപ്പുവരുത്തുക, ഭൂരഹിത ഭവന രഹിതര്‍ക്ക് ഭവനം ലഭ്യമാക്കുക എന്നിങ്ങനെയാണ് മൂന്ന് പദ്ധതികള്‍. വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത 314 കുടുംബങ്ങള്‍ക്ക് വീട് പൂര്‍ത്തീകരിക്കുന്നതിന് ഈ കാലയളവില്‍ സാധിച്ചു. ഭൂമിയുള്ള ഭവനരഹിതര്‍ക്ക് നാളിതുവരെ അഞ്ച് പ്രൊജക്ടുകളിലായി 1292 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിനുള്ള ധനസഹായത്തിന് അംഗീകാരം ലഭിക്കുകയും ഇതില്‍ 1279 കുടുംബങ്ങളുടെ വീട് നിര്‍മ്മാണം ആരംഭിക്കുകയും 857 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. 435 കുടുംബങ്ങളുടെ ഭവന നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിച്ചുവരികയാണ്. ലൈഫ് പദ്ധതിയുടെ 3-ാം ഘട്ടം ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനം ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതോടൊപ്പം തന്നെ കോര്‍പ്പറേഷന്‍ പരിധിയിലെ ലക്ഷം വീടുകള്‍ ഒറ്റവീടാക്കുന്ന പദ്ധതി പ്രകാരം 74 വീടുകള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതിയുടെ 2-ാം ഘട്ടത്തിലെ 6-ാമത്തെ പ്രൊജക്ടില്‍ അംഗീകാരം ലഭിച്ച കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള ആദ്യഗഡു വിതരണമാണ് തുടങ്ങിയത്. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍, ഡി.പി.സി. മെമ്പര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ എം.എസ്. സംപൂര്‍ണ്ണ, അനൂപ് ഡേവിസ് കാട, പി.എം.എ.വൈ. സൂപ്രണ്ടിംഗ് ഇന്‍ ചാര്‍ജ്ജ് ഹംസ ഒ, ലൈഫ് പ്രൊജക്ട് ഓഫീസര്‍ ധന്യ പി വിന്‍സെന്റ് എന്നിവര്‍ സന്നിഹിതരായിരുന്നു.