പച്ചകച്ചേരി പദ്ധതി ഉദ്ഘാടനം നവംബര്‍ രണ്ടിന്

post

കൊല്ലം:  ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റും പരിസരവും മോടി പിടിപ്പിക്കുന്നതിനായി ആരംഭിച്ച പച്ചകച്ചേരി പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ രണ്ടിന് നടക്കും. രാവിലെ 9.30ന് ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ പച്ചക്കറി തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഹരിതകേരളം മിഷന്റെ മേല്‍നോട്ടത്തില്‍ കൃഷി വകുപ്പിന്റെ സഹായത്തോടെയാണ് ജൈവ പച്ചക്കറികൃഷി നടത്തുന്നത്. കാര്‍ഷിക കര്‍മസേനയാണ് കൃഷിക്കാവശ്യമായ നിലമൊരുക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കലക്ട്രേറ്റിന് മുന്‍വശം മനോഹരമാക്കുന്നതിന്റെ ഭാഗമായി പൂന്തോട്ടം നവീകരിക്കുകയും പുല്‍ത്തകിടി ഒരുക്കുകയും ചെയ്തു. ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച അഗ്രിവേറ്റര്‍ എയറോപോണിക്ക് കൃഷിരീതി വഴി വെള്ളത്തിന്റെ അമിത ഉപയോഗം തടയാനും കഴിയും.

കൃഷി വകുപ്പിന്റെ സഹായത്തോടെ 100 ചട്ടികളിലായി തിരിനന സമ്പ്രദായവും ക്രമീകരിച്ചിട്ടുണ്ട്. കലക്ട്രേറ്റിലെത്തിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ കലക്ട്രേറ്റ് വരാന്തകളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കും.