കുന്നംകുളം ഫയര്‍ സ്റ്റേഷനില്‍ ഡിജിറ്റല്‍ രജിസ്റ്റര്‍ സ്ഥാപിച്ചു

post

തൃശൂര്‍: കുന്നംകുളം ഫയര്‍ സ്റ്റേഷനില്‍ ഡിജിറ്റല്‍ രജിസ്റ്റര്‍ സംവിധാനം സജ്ജീകരിച്ചു. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന ആളുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ രജിസ്റ്ററുകള്‍ സ്ഥാപിച്ചു വരുന്നതിന്റെ ഭാഗമായാണിത്. കുന്നംകുളം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വൈശാഖ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ ഓണ്‍ലൈന്‍ പബ്‌ളിക്കേഷന്‍സാണ് സിവില്‍ ഡിഫന്‍സിന്റെ ലേബലില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സൗജന്യമായി ഡിജിറ്റല്‍ രജിസ്റ്റര്‍ സംവിധാനം ഒരുക്കുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലാ തലത്തില്‍ സ്ഥാപിച്ച ഇടങ്ങളിലെല്ലാം നല്ല പ്രതികരണങ്ങള്‍ ലഭ്യമായതോടെ സംസ്ഥാന തലത്തിലുളള ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളും സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ ഡിജിറ്റലൈസ് ചെയ്യാനാണ് പദ്ധതി. കൊടുങ്ങല്ലൂര്‍ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ഹബീബ് രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളും പ്രയോജനങ്ങളും വിശദീകരിച്ചു. സിവില്‍ ഡിഫെന്‍സ് ഡിവിഷണല്‍ വാര്‍ഡന്‍ ഷെല്‍ബീര്‍ അലി, ഡെപ്യൂട്ടി ഡിവിഷണല്‍ വാര്‍ഡന്‍ ഷെബീബ്, പോസ്റ്റ് വാര്‍ഡന്‍ സജി, ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ഇ. കെ. ഷാജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.