കാറളം ഗ്രാമപഞ്ചായത്തില്‍ ടെലിമെഡിക്ലിനിക്കുകള്‍ രണ്ട് കേന്ദ്രങ്ങളില്‍

post

തൃശൂര്‍ : കാറളം ഗ്രാമപഞ്ചായത്തില്‍ ഓണ്‍ലൈനിലൂടെ ചികിത്സ നടത്തുന്നതിനുള്ളള ടെലി മെഡി ക്ലിനിക്ക് സംവിധാനം ഒരുങ്ങുന്നു. ഗ്രാമപഞ്ചായത്തിലെ കാറളം, താണിശ്ശേരി എന്നീ രണ്ട് ഹെല്‍ത്ത് സബ് സെന്ററുകളിലായി രണ്ട് ടെലിമെഡിക്ലിനിക്കുകളാണ് നിര്‍മ്മിക്കുന്നത്. പ്രൊഫ. കെ യു അരുണന്‍ എം. എല്‍. എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടും കേന്ദ്രങ്ങളിലേക്കും 30 ലക്ഷം രൂപ വീതം ആകെ 60 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഓണ്‍ലൈന്‍ വഴി ദൂരെയുള്ള ഡോക്ടര്‍മാരുമായി ബന്ധപ്പെടാനും അവരില്‍ നിന്നും ചികിത്സ തേടാനുമുള്ള സംവിധാനമാണ് ഇതോടെ കാറളം, താണിശ്ശേരി ഹെല്‍ത്ത് സബ് സെന്ററുകളില്‍ ഒരുങ്ങുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും സമാനമായ മറ്റ് പശ്ചാത്തലങ്ങളിലും ആര്‍ സി സി പോലുള്ള സ്ഥാപനങ്ങളില്‍ ചികിത്സ തേടുന്നവര്‍ക്ക് ഏറെ സഹായകരമാണ് ടെലിമെഡിക്ലിനിക്ക് സംവിധാനം. ഇരു കേന്ദ്രങ്ങളിലായി നിര്‍മ്മാണം ആരംഭിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രൊഫ. കെ യു അരുണന്‍ മാസ്റ്റര്‍ എം. എല്‍. എ നിര്‍വഹിച്ചു.