ലൈഫ് കുടുംബ സംഗമം; വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ചവരുടെ അപൂർവ സംഗമ വേദിയായി

post

കോലഞ്ചേരി: വീടെന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചവരുടെ അപൂർവ സംഗമ വേദിയായി ലൈഫ് മിഷൻ കുടുംബ സംഗമം. സംസ്ഥാന സർക്കാരിന്റെ ലൈഫ്മിഷൻ പദ്ധതിയിലൂടെ വടവുകോട് ബ്ലോക്ക് പരിധിയിൽ വീട് യാഥാർത്ഥ്യമാക്കിയവരുടെ കോലഞ്ചേരിയിൽ നടന്ന സംഗമമാണ് ശ്രദ്ധേയമാ'യത്. ബ്ലോക്ക് പരിധിയിൽ 6 പഞ്ചായത്തുകളിലായി 251 ഗുണഭോക്താക്കളാണ്  പദ്ധതിയിലൂടെ വീട് യഥാർത്ഥ്യമാക്കിയത്. ഐക്കരനാട് - 20, പൂതൃക്ക -27, കൂന്നത്തുനാട് -77, മഴുവന്നൂർ - 78, തിരുവാണിയൂർ-21, പുത്തൻകുരിശ്-28 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള കണക്ക്. വീടെന്ന  സ്വപ്നം യാഥാർത്ഥ്യമാക്കുക എന്ന വെല്ലുവിളിയാണ് ഇവർ പദ്ധതിയിലൂടെ മറികടന്നത്. ഇതിന്റെ ആഹ്ലാദം പങ്കിടുന്ന മുഹൂർത്തം കൂടിയായി കുടുംബ സംഗമം മാറി.  സംഗമത്തിന്റെ ഭാഗമായി ഗുണഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ പ്രവർത്തിച്ചതും പ്രശംസ പിടിച്ചു പറ്റി. തദ്ദേശ സ്വയം ഭരണം, സിവിൽ സപ്ലൈസ് കൃഷി, സാമൂഹ്യ നീതി, കുടുംബശ്രീ, ഐ.ടി, ഫിഷറീസ്, തൊഴിലുറപ്പ്, വ്യവസായം, പട്ടികജാതി-വർഗ്ഗം തുടങ്ങി 18 സർക്കാർ വകുപ്പുകളാണ് സംഗമത്തിലെത്തിയവർക്ക് വിവിധ സേവനങ്ങൾ നൽകിയത്.