ലൈഫ്: അഞ്ഞൂറാമത്തെ വീടും നിര്‍മിച്ചു നല്‍കി പയ്യന്നൂര്‍ നഗരസഭ

post

കണ്ണൂര്‍ : ഭവന രഹിത പയ്യന്നൂര്‍ എന്ന ലക്ഷ്യത്തിലേക്കടുത്ത് പയ്യന്നൂര്‍ നഗരസഭ. പിഎംഎവൈ ലൈഫ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ഞൂറാമത്തെ വീടിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം കാറമേലിലെ പി ടി രാഗിണിക്കു താക്കോല്‍ നല്‍കി സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.

പിഎംഎവൈ ലൈഫ് ഭവനപദ്ധതിയില്‍ നഗരസഭയില്‍ അംഗീകാരം ലഭിച്ച് നിര്‍മ്മാണം തുടങ്ങിയ 666 വീടുകളില്‍ അഞ്ഞൂറെണ്ണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 26.64 കോടി രൂപയാണ് ഇതിനായി ചിലവായത്. നഗരസഭാ വിഹിതമായ 12 കോടിയോളം രൂപയും സംസ്ഥാന കേന്ദ്ര വിഹിതമായ 10 കോടിയോളം രൂപയും ഇതിനായി വിനിയോഗിച്ചു. ഇതിനു പുറമെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം 26 ലക്ഷത്തോളം രൂപയും ഗുണഭോക്താക്കള്‍ക്ക് അധിക സഹായവും നല്‍കി.

പദ്ധതിയില്‍ പുതുതായി അംഗീകാരം ലഭിച്ച 73 ഗുണഭോക്താക്കള്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂരഹിത ഭവന രഹിതര്‍ക്കായി അഞ്ചരക്കോടി രൂപ ചിലവില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളും ആരംഭിച്ചു കഴിഞ്ഞു.

ചടങ്ങില്‍ നഗരസഭ അധ്യക്ഷന്‍ ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സില്‍ അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു