കോവിഡ് തടയാന്‍ സംരക്ഷിത കുടുംബ കൂട്ടായ്മ

post

കൊല്ലം : ജില്ലയില്‍ കോവിഡ് വ്യാപനം തടയാന്‍ സംരക്ഷിത കുടുംബ കൂട്ടായ്മ എന്ന പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് സ്ഥിതി അവലോകനം ചെയ്യാന്‍ ഇന്നലെ(ആഗസ്റ്റ് 29) കൂടിയ ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.   വിവാഹം ഉള്‍പ്പടെ ചടങ്ങുകള്‍ നടത്താന്‍ മുന്‍കൂട്ടി അറിയിച്ച് പൊലീസ്-ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇതിനായി നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി.

വാര്‍ഡ്/ഡിവിഷന്‍ തലത്തില്‍ 10 മുതല്‍ 15 വരെ വീടുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന ഗ്രൂപ്പില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നവര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ മേല്‍നോട്ടം വഹിക്കും. വീടുകളിലെ എല്ലാവരും അംഗങ്ങളവുന്ന ഗ്രൂപ്പില്‍ വാര്‍ഡ്, താലൂക്ക്, ജില്ലാതലത്തില്‍ മേല്‍നോട്ടത്തിന് കൗണ്‍സിലര്‍/വാര്‍ഡ് അംഗം, തഹസില്‍ദാര്‍, സബ് കലക്ടര്‍, റൂറല്‍ സിറ്റി പൊലീസ് മേധാവികള്‍ എന്നിവര്‍ ഉണ്ടാകും.

ജില്ലാതലത്തില്‍ ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കും. ഇത്തരത്തിലെ പ്രവര്‍ത്തനം വഴി മൂന്ന് ആഴ്ച കൊണ്ട് കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായും കലക്ടര്‍ പറഞ്ഞു. ഇത് സംബന്ധിച്ച പ്രവര്‍ത്തനം ഉര്‍ജ്ജിതമാക്കന്‍ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയുടെ അധ്യക്ഷതയില്‍ യോഗം കൂടാനും തീരുമാനമായി.    

ജില്ലയില്‍ കോവിഡ് ചികിത്സ വീടുകളില്‍ തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. പൂയള്ളിയില്‍ അഞ്ചുപേരും ഇടമുളയ്ക്കലില്‍ രണ്ടുപേരും ചാത്തന്നൂരില്‍ ഒരാളും നിലവില്‍ ചികിത്സയിലുണ്ട്. ശക്തികുളങ്ങര, ചവറ, കരുനാഗപ്പള്ളി, ആലപ്പാട് തുടങ്ങി ഓച്ചിറ വരെ തീരദേശത്ത് പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ യോഗം തീരുമാനിച്ചു.

കാവനാട് അരവിള പ്രദേശം കണ്ടയിന്‍മെന്റ് മേഖലയായതിനാല്‍ ഇവിടെ നിന്നും ആരും കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ അറിയിച്ചു. കടലില്‍ പോകുന്നവര്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിലക്ക് മറികടന്ന് കടലില്‍ പോയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.            

മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ കഴിഞ്ഞ് തിരികെ എത്തിയവരുടെ കൂട്ടിരിപ്പുകാര്‍, ജയില്‍ വാസം അനുഭവിച്ചവര്‍, കല്യാണച്ചടങ്ങില്‍ പങ്കെടുത്തവര്‍ എന്നിവരില്‍ റൂറല്‍ മേഖലയില്‍ രോഗബാധയുണ്ടാവുന്നതായി പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. കല്യാണങ്ങള്‍ ചടങ്ങുകള്‍ എന്നിവ പോലീസ് ആരോഗ്യ വിഭാഗങ്ങളെ അറിയിച്ചാല്‍ നിരീക്ഷണം വഴി രോഗവ്യാപനം തടയാനാകും.

വെള്ളിമണില്‍ നടന്ന വിവാഹം പോലീസിനെ അറിയിച്ചിരുന്നെങ്കില്‍ രോഗവ്യാപനം ഒഴിവാക്കാനാവുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഓണത്തിരക്ക് പരിഗണിച്ച് കടകളില്‍ ശക്തമായ നിരീക്ഷണവും പരിശോധനയും നടത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഹാര്‍ബറുകള്‍ പൊതുവേ നിയന്ത്രണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതായും യോഗം വിലയിരുത്തി.  എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ സംബന്ധിച്ചു