സേഫ് കൊല്ലം: പദ്ധതി പ്രവര്‍ത്തനം വിപുലീകരിക്കുന്നു

post

കൊല്ലം:  തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സേഫ് കൊല്ലം പദ്ധതിയുടെ പ്രവര്‍ത്തനം താഴെത്തട്ടിലേക്ക് വ്യാപിപ്പിച്ച് വിപുലീകരിക്കുന്നു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് പദ്ധതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക. നഗരസഭാ സെക്രട്ടറിമാര്‍, ജില്ലാ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസ് സീനിയര്‍ സൂപ്രണ്ടുമാര്‍, ജോയിന്റ് ബിഡിഒ മാര്‍, ഹെല്‍ത്ത് സൂപര്‍വൈസര്‍മാര്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

പരിശീലനം നേടിയവര്‍ നവംബര്‍ 15 നകം സേഫ് കൊല്ലം പദ്ധതിയുടെ സന്ദേശം വിവിധ യോഗങ്ങളിലൂടെ പൊതുജന സമക്ഷം എത്തിക്കണം. ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, യൂത്ത് ക്ലബ് ഭാരവാഹികള്‍, സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍, സ്‌കൂള്‍ പി ടി എ ഭാരവാഹികള്‍, കുടുംബശ്രീ-ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഹരിത സേനാംഗങ്ങള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിപാടിയുടെ ഭാഗമാക്കും.

തദ്ദേശസ്ഥാപന പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വാര്‍ഡുതലത്തില്‍ ചെറുയൂണിറ്റുകള്‍ ഗൃഹ സമ്പര്‍ക്കത്തിലൂടെ ബോധവത്കരണം നടത്തും. സേഫ് കൊല്ലം പദ്ധതിയുടെ പങ്കാളിത്തം പരമാവധി വിപുലീകരിക്കുയാണ് ലക്ഷ്യം. ആറു മാസത്തിനുള്ളില്‍ ജില്ലയിലെ 20 ശതമാനം ജനങ്ങളെ പദ്ധതിയുടെ പങ്കാളികളാക്കുകയും തുടര്‍പ്രവര്‍ത്തനത്തിലൂടെ നൂറുശതമാനം പേരെയും ഉള്‍പ്പെടുത്തി 2020 ഓഗസ്റ്റ് 15ന് സുരക്ഷിത കൊല്ലം പ്രഖ്യാപനം നടത്താനാകുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍, മിഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.