കോവിഡ് മാനദണ്ഡം ലംഘിച്ച് മത്സ്യബന്ധനം: ബോട്ട് പിടികൂടി
 
                                                കൊല്ലം : കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട്  ഫിഷറീസ്  മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്  വിഭാഗം പിടികൂടി. നീണ്ടകരയില്‍ രജിസ്റ്റര്‍ ചെയ്ത അഴീക്കല്‍ ഹാര്‍ബറില്‍ മത്സ്യവിപണണം നടത്തിവരുന്ന പോച്ചയില്‍ ബോട്ടാണ് കസ്റ്റഡിയില്‍ എടുത്തത്.
അഴീക്കല്‍ ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി. ബോട്ടിന് ആഗസ്റ്റ് 18 ന് മത്സ്യവിപണനം അനുവദിച്ചു കൊണ്ട് നല്‍കിയ പാസ് ആണ് കൈവശം ഉണ്ടായിരുന്നത്. അനുവദിച്ചതിലും അധിക ദിവസം മത്സ്യബന്ധനം നടത്തിയതും അധികൃതരെ വിവരം ധരിപ്പിക്കാതിരുന്നതും നിയമ ലംഘനമാണ്. 11 ദിവസം മത്സ്യബന്ധനം നടത്തി എന്നതിന്റെ അടിസ്ഥാനത്തില്‍ മത്സ്യം ലേലം ചെയ്ത 25,000 രൂപയും പിഴയായി 2,50,000 രൂപയും ചുമത്തുമെന്ന് ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അറിയിച്ചു.
സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളില്‍ നിന്ന് മാത്രമേ മത്സ്യ വിപണനം നടത്തുവാന്‍ പാടുള്ളുവെന്നും ഇത് ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പരിശോധനയില്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ നൗഷെര്‍ഖാന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സി ഐ ബൈജു, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ ഹരിത, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സി പി ഓ മാരായ ജോസഫ്, ഷിബു, ലൈഫ് ഗാര്‍ഡ് ഔസേപ്പച്ചന്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ തുടരുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.










