മുഖം മിനുക്കി ദളവാക്കുളം; കൊടുങ്ങല്ലൂരിന്റെ ജലസംഭരണി ഇനി വിശ്രമകേന്ദ്രം

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ ചന്തപ്പുരയിലെ ജലസംഭരണിയായ ദളവാക്കുളം ഇനി സായംസന്ധ്യകളിലെ വിശ്രമ സങ്കേതം. മാലിന്യവും ചെളിയും അനധികൃത കൈയേറ്റവും കൊണ്ട് നഷ്ടമായി കൊണ്ടിരുന്ന ജലസംഭരണിയാണ് ശുദ്ധീകരിച്ച് നാലുചുറ്റും കരിങ്കല്‍ ഭിത്തി കെട്ടി വീണ്ടെടുത്തത്. നഗരസഭയിലെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് ദളവാക്കുളത്തെ പ്രധാന വിശ്രമകേന്ദ്രമായി മാറ്റിയത്. ചന്തപ്പുര മുതല്‍ കോട്ടപ്പുറം വരെയുള്ള ബൈപാസ് ആരംഭിക്കുന്നത് ഈ കുളത്തിന്റെ വശത്തു കൂടിയാണ്. പേര് സൂചിപ്പിക്കും പോലെ തന്നെ ചരിത്രവുമായി ബന്ധമുള്ള വിശാലമായ ഈ കുളം ശുചീകരിച്ച് കൊണ്ടാണ് സൗൗന്ദര്യവത്കരണ പദ്ധതിക്ക് തുടക്കമിട്ടത്. 40 ലക്ഷം രൂപയാണ് പദ്ധതിത്തുക. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നാല് റോഡുകള്‍ സംഗമിക്കുന്ന ചന്തപ്പുര സിഗ്നല്‍ ജംഗ്ഷനിലെ ഡിവൈഡറില്‍ പൂച്ചെടികളും ഇലച്ചെടികളും നിറച്ചു മനോഹരമാക്കി. ഇതിനോട് ചേര്‍ന്നുള്ള അരിക് വശങ്ങളും ദളവാക്കുളവും നവീകരിച്ചതോടെ ചന്തപ്പുരയുടെ മുഖം മാറി. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന കുളത്തിന്റെ നാലുവശവും ഉയര്‍ത്തിക്കെട്ടി നടപ്പാതകള്‍ ഒരുക്കി. ചുറ്റിലും സ്റ്റീല്‍ കൈവരികള്‍ സ്ഥാപിച്ചു. കിഴക്കുഭാഗത്ത് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് നാലടി വീതിയില്‍ പുല്‍ത്തകിടിയും പിടിപ്പിച്ചു. നിരവധി ഇരിപ്പിടങ്ങളും ഒരുക്കി. തെക്കും വടക്കും ഭാഗങ്ങളില്‍ സോളാര്‍ വെളിച്ച സംവിധാനങ്ങളും പൂച്ചെടികളും സ്ഥാപിച്ചതോടെ നഗരത്തിന്റെ മുഖം മാറി. പരിപാലനത്തിന് ഒരു ജോലിക്കാരനെയും നഗരസഭ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നഗരസഭയിലെ തോടുകള്‍, പൊതു കിണറുകള്‍, കുളങ്ങള്‍ എന്നിവ ശുചീകരിച്ച് സംരക്ഷിക്കുന്നതിനെ ഭാഗമായി ദളവാക്കുളത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള കരിച്ചാംകുളത്തിന്റെ ശുചീകരണ പ്രവര്‍ത്തികള്‍ നേരത്തേ തന്നെ നഗരസഭ പൂര്‍ത്തിയാക്കിയിരുന്നു. ദളവാക്കുളം നവീകരണം പൂര്‍ത്തിയായത്തോടെ രാവിലെ മുതല്‍ ഇവിടെ യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയ്ക്കായി സമീപവാസികള്‍ എത്തുന്നു. വൈകുന്നേരങ്ങളില്‍ കുടുംബസമേതം വന്നിരിക്കാന്‍ പറ്റിയ ഒരിടമായി ദളവാക്കുളം മാറി. ദേശീയപാതയിലൂടെ കടന്നുപോകുന്ന സഞ്ചാരികള്‍ക്കും കുറച്ചുനേരം വിശ്രമിക്കാന്‍ ഉപകാരപ്രദമാകുന്ന വിധത്തിലാണ് രൂപകല്‍പ്പന.നവീകരിച്ച ദളവാക്കുളം നഗരസഭാ ചെയര്മാന് കെ ആര് ജൈത്രന്‍ നാടിനു സമര്‍പ്പിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ഹണി പീതാംബരന്, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.