തളിക്കുളം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ പദവിയിലേക്ക്

post

തൃശൂര്‍ : സമ്പൂര്‍ണ ശുചിത്വ പദവി കൈവരിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തില്‍ 2015 - 2020 കാലഘട്ടത്തില്‍ നടത്തിയ മികച്ച രീതിയിലുള്ള ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം കൈവരിച്ചത്. പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ വിതരണം ചെയ്തു. കൂടാതെ, പ്ലാസ്റ്റിക് ശേഖരണം,  സംഭരണം,  പ്ലാസ്റ്റിക് ഷ്രെഡിങ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍, സ്വാപ് ഷോപ്പ്,  ഹരിതകര്‍മ്മസേന തുണി സഞ്ചി നിര്‍മാണ യൂണിറ്റ്, പൊതുസ്ഥലങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ തുടങ്ങിയ നിരവധി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളാണ് മികച്ച രീതിയില്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കുടുംബങ്ങള്‍ക്ക് കമ്പോസ്റ്റ് യൂണിറ്റുകള്‍ പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്.

ശുചിത്വ പദവി കൈവരിച്ചതിന്റെ  പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ സുഭാഷിണി മഹാദേവന്‍ നിര്‍വഹിച്ചു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. കെ ബാബു, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്മാരായ സന്ധ്യ രാമകൃഷ്ണന്‍, കെ കെ രജനി, പഞ്ചായത്ത് അംഗങ്ങളായ പി എ ഷിഹാബ്, സിന്ധു ബാലന്‍, വി ഇ ഒ. ദിവ്യ, സെക്രട്ടറി ഒ എം ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.