ബോധവത്കരണ പ്രചരണ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു

post

തിരുവനന്തപുരം : ജില്ലയില്‍ 'നേരിടാം നേരറിവിലൂടെ' എന്ന കോവിഡ് 19 ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി സജ്ജീകരിച്ച ബോധവത്കരണ പ്രചരണ വാഹനം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു ഫ്ളാഗ് ഓഫ് ചെയ്തു.ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍,  കോവിഡ് സന്ദേശമടങ്ങിയ മാസ്‌ക് വിതരണം ചെയ്തു . നിരീക്ഷണത്തില്‍ കഴിയുന്നവരില്‍നിന്നും വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് കോവിഡ് പകരുന്നത് തടയുക, സമൂഹത്തിലെ സമ്പര്‍ക്ക തലങ്ങള്‍ കണ്ടെത്തി വ്യാപനസാധ്യത ഇല്ലാതാക്കുക, റിവേഴ്‌സ് ക്വാറന്റൈന്‍  ശക്തമാക്കുക എന്നിവയാണ് 'നേരിടാം നേരറിവിലൂടെ' പരിപാടിയുടെ ലക്ഷ്യം. ഇതിനായി സമൂഹമാധ്യമങ്ങളിലൂടെയും ദൃശ്യ,ശ്രവ്യ മാധ്യമങ്ങളിലൂടെയും ആരോഗ്യവകുപ്പ്  ബോധവത്കരണം നല്‍കുന്നുണ്ട്. പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 73 പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പ്പറേഷനിലുമായി നിരീക്ഷണത്തില്‍ കഴിയുന്ന എല്ലവരെയും ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. നിരീക്ഷണം കഴിയുന്ന മുറയ്ക്ക് ഗ്രൂപ്പില്‍ നിന്നും മാറ്റുകയും പുതുതായി നിരീക്ഷണത്തില്‍ ആകുന്നവരെ അന്നുതന്നെ ചേര്‍ക്കുകയും ചെയ്യുന്നുണ്ട്. പ്രാദേശിക ഗ്രൂപ്പ് അഡ്മിന്‍മാരെ ഏകോപിപ്പിക്കുന്നതിന് ജില്ലാതല ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ഈ കൂട്ടായ്മയിലൂടെ കഴിയുന്നുണ്ട്.