ബ്ലോക്ക് റബര്‍ ഫാക്ടറി തൊഴിലാളി മിനിമം വേതനം പുതുക്കി

post

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലോക്ക് റബര്‍ ഫാക്ടറികളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. (ജി.ഒ.(പി)നം. 139/2019/എല്‍.ബി.ആര്‍, തീയതി 24 ഡിസംബര്‍ 2019, എസ്.ആര്‍.ഒ. നമ്പര്‍ 1021/2019)

പുതുക്കിയ നിരക്കുകള്‍ പ്രകാരം സ്‌കില്‍ഡ് വിഭാഗത്തില്‍ ഫോര്‍മാന്‍ തസ്തികയില്‍ പ്രതിമാസം 13,940 രൂപയും സൂപ്പര്‍വൈസര്‍ക്ക് 13,620 രൂപയും അടിസ്ഥാന ശമ്പളമായി ലഭിക്കും. മെക്കാനിക്ക്, പ്ലംബര്‍, ഇലക്ട്രിഷ്യന്‍, ഡ്രൈവര്‍ വിഭാഗങ്ങളില്‍ 13,000 രൂപയായിരിക്കും പ്രതിമാസ അടിസ്ഥാന ശമ്പളം. ഈ വിഭാഗത്തില്‍ 8 മണിക്കൂര്‍ ജോലിക്കുള്ള ദിവസ വേതനം 500 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

സെമി സ്‌കില്‍ഡ് വിഭാഗത്തില്‍ ടാങ്ക് ഫില്ലിങ് ഉള്‍പ്പെടെ മെഷീന്‍ ജോലി ചെയ്യുന്നതും മറ്റു വിഭാഗങ്ങളില്‍പ്പെടാത്തതുമായ ജീവനക്കാര്‍ക്കും ഫാക്ടറി ജനറല്‍ വര്‍ക്കര്‍, സ്റ്റോര്‍ കീപ്പര്‍ എന്നിവര്‍ക്കും പ്രതിമാസം 12,740 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും. 490 രൂപയായിരിക്കും ഇവരുടെ ദിവസ വേതനം. സോര്‍ട്ടിങ് വര്‍ക്കര്‍ക്ക് പ്രതിമാസം 12,220 രൂപ അടിസ്ഥാന ശമ്പളമായും 470 രൂപ ദിവസ വേതനമായും ലഭിക്കും. അണ്‍സ്‌കില്‍ഡ് വിഭാഗത്തില്‍പ്പെടുന്ന സെക്യൂരിറ്റി ജീവനക്കാര്‍, വാച്ച് മാന്‍ എന്നിവര്‍ക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 12,220 രൂപയായും ദിവസ വേതനക്കാര്‍ക്ക് 470 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

ഓഫിസ് വിഭാഗത്തില്‍ മാനേജര്‍മാരുടെ അടിസ്ഥാന ശമ്പളം 14,550 രൂപയായി പുതുക്കി. ഓഫിസ് അസിസ്റ്റന്റ്, കാഷ്യര്‍, ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, അക്കൗണ്ടന്റ് തസ്തികകളില്‍ പ്രതിമാസ ശമ്പളം 13,000 രൂപ, ദിവസ വേതനം  500 രൂപ എന്നിങ്ങനെയും പ്യൂണ്‍, അറ്റന്റര്‍ തസ്തികയില്‍ പ്രതിമാസ ശമ്പളം 12,220 രൂപ, ദിവസ വേതനം  470 രൂപ, സ്വീപ്പര്‍(ഫുള്‍ ടൈം), സ്‌കാവഞ്ചര്‍ തസ്തികയില്‍ അടിസ്ഥാന ശമ്പളം 11,700, ദിവസ വേതനം  450 രൂപ എന്നിങ്ങനെയും നിശ്ചയിച്ചിട്ടുണ്ട്.

ലബോറട്ടറി വിഭാഗത്തില്‍ കെമിസ്റ്റ്, ലബോറട്ടറി ടെക്‌നിഷ്യന്‍, ലബോറട്ടറി അസിസ്റ്റന്റ് എന്നിവര്‍ക്ക് പ്രതിമാസം 13,950 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും. മറ്റു ലബോറട്ടറി ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളമായി 13,000 രൂപയും ദിവസ വേതനക്കാര്‍ക്ക് എട്ടു മണിക്കൂറിന് 500 രൂപയും ലഭിക്കും.

അടിസ്ഥാന വേതനത്തിനു പുറമേ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഓരോ ജില്ലാ കേന്ദ്രത്തിനുമായി പ്രസിദ്ധീകരിക്കുന്ന 1998-99=100 എന്ന ഉപഭോക്തൃ വില സൂചികയിലെ 300 പോയിന്റിനു മേല്‍ വര്‍ധിക്കുന്ന ഓരോ പോയിന്റിനും ദിവസ വേതനക്കാര്‍ക്ക് ഒരു രൂപ നിരക്കിലും മാസ ശമ്പളക്കാര്‍ക്ക് 26 രൂപ നിരക്കിലും ക്ഷാമബത്തയ്ക്ക് അര്‍ഹതയുണ്ടാകും.

വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്ന തീയതിയില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിലോ തൊഴിലുടമയ്ക്കു കീഴിലോ മൂന്നു വര്‍ഷത്തില്‍ കുറയാത്ത തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് അവര്‍ പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തെയും സേവനത്തിന് പുതിയ അടിസ്ഥാന വേതനത്തിന്റെ ഒരു ശതമാനം വീതം പരമാവധി 15 ശതമാനം തുക സര്‍വീസ് വെയിറ്റേജായി ശമ്പളത്തില്‍ ഉള്‍പ്പെടുത്തി നല്‍കണം. വിജ്ഞാപന പ്രകാരമുള്ള വേതനത്തേക്കാള്‍ ഉയര്‍ന്ന വേതനം ഏതെങ്കിലും തൊഴിലാളിക്ക് ലഭിക്കുന്നുണ്ടെങ്കില്‍ ഉയര്‍ന്ന വേതനത്തിന് തുടര്‍ന്നും അര്‍ഹതയുണ്ടാകും.

മാസ ശമ്പളം നിശ്ചയിച്ചിട്ടുള്ള തൊഴിലാളിക്കോ തൊഴിലാളി വിഭാഗത്തിനോ അര്‍ഹതപ്പെട്ട ദിവസ വേതനം കണക്കാക്കേണ്ടത് മാസത്തെവേതനത്തെ 26 കൊണ്ടു ഭാഗിച്ചും ദിവസവേതന തൊഴിലാളികളുടെ മാസ വേതനം കണക്കാക്കേണ്ടത് നിശ്ചയിക്കപ്പെട്ട ദിവസ വേതനത്തെ 26 കൊണ്ട് ഗുണിച്ചും ആയിരിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.