സുനാമി വീടുകള്‍ക്ക് സൗജന്യ പാചകവാതകം

post

ചരിത്രമാകാന്‍ പെരിഞ്ഞനത്തിന്റെ സ്വന്തം ബയോഗ്യാസ് പ്ലാന്റ്

തൃശൂര്‍: പെരിഞ്ഞനം മന്ദാരം സുനാമി കോളനിയിലെ കുടുംബങ്ങള്‍ക്ക് ഇനി പാചകവാതകത്തിന് ക്ഷാമം നേരിടേണ്ടി വരില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇരുപത് സുനാമി വീടുകള്‍ക്ക് സൗജന്യമായി പാചകവാതകം വിതരണം ചെയ്യുകയാണ് പെരിഞ്ഞനം പഞ്ചായത്ത്. മാലിന്യ സംസ്‌ക്കരണത്തിന് കൂടുതല്‍ കരുത്തേകാന്‍ ലക്ഷ്യമിട്ട് പഞ്ചായത്ത് നിര്‍മ്മിച്ച ബയോഗ്യാസ് പ്ലാന്റില്‍ നിന്നുത്പാദിപ്പിക്കുന്ന പാചകവാതകമാണ് ഇവര്‍ക്ക് വിതരണം ചെയ്യുന്നത്. ഇതിനായി ഇവിടേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചു ഗ്യാസ് സ്റ്റൗ വിതരണം ചെയ്തു കഴിഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ബയോഗ്യാസ് പ്ലാന്റിന്റെ നിര്‍മ്മാണം ഒരു പഞ്ചായത്ത് സ്വന്തമായി പൂര്‍ത്തീകരിച്ചിരിക്കുന്നത്. പ്ലാന്റിന്റെ ഉദ്ഘാടനം നാളെ് (ആഗസ്റ്റ് 25) ന് രാവിലെ 11ന് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിക്കും. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത് അധ്യക്ഷത വഹിക്കും.

പ്ലാസ്റ്റിക് ഷ്രെഡിംങ്ങ് യൂണിറ്റ്, ക്ലീന്‍ പെരിഞ്ഞനം, സ്‌കൂളുകളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഹാര്‍ഡ് ബോട്ടില്‍ പദ്ധതി എന്നിവയ്ക്കു പുറമെയാണ് മാലിന്യ സംസ്‌ക്കരണത്തിനായി പുതിയ പദ്ധതി പൂര്‍ത്തിയായത്. സ്വച്ച് ഭാരത് മിഷന്‍ ഗ്രാമീണ്‍ പദ്ധതി പ്രകാരമാണ് ഗോബര്‍ധന്‍ ബയോഗ്യാസ് പ്ലാന്റിന്റെ നിര്‍മ്മാണം. ഒരു ദിവസം ആയിരം കിലോഗ്രാം മാലിന്യം വരെ നിക്ഷേപിക്കാന്‍ സാധിക്കും. 35 ലക്ഷം രൂപയാണ് പദ്ധതി തുക. ഇതില്‍ 25 ലക്ഷം രൂപ ശുചിത്വമിഷന്‍ വിഹിതവും 10 ലക്ഷം രൂപ എസ് ബി എം-ജി ഫണ്ട് ഉപയോഗിച്ചുമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കിയത്. പെരിഞ്ഞനം പഞ്ചായത്തിലെ മാര്‍ക്കറ്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍ എന്നിവിടങ്ങളില്‍നിന്നും കിലോ ഗ്രാമിന് അഞ്ചു രൂപ നിരക്കില്‍ മാലിന്യങ്ങള്‍ ശേഖരിച്ച് ബയോഗ്യാസ് പ്ലാന്റിലെത്തിച്ച് പാചകവാതകമാക്കി മാറ്റുന്നു. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വ്യാപാരസ്ഥാപനങ്ങളില്‍ 30 ലിറ്റര്‍ കപ്പാസിറ്റിയുള്ള രണ്ടുവീതം ബിന്നുകളും വാങ്ങി സ്ഥാപിച്ചിട്ടുണ്ട്. ബിന്നുകളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ദിവസവും ശേഖരിക്കുന്നതിന് ഹരിതകര്‍മസേന പ്രവര്‍ത്തകരെയും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന പാചകവാതകമാണ് പതിനാലാം വാര്‍ഡിലെ മന്ദാരം സുനാമി കോളനിയിലെ 20 സുനാമി വീടുകള്‍ക്ക് സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നത്. പ്ലാന്റില്‍ നിന്നും പുറംതള്ളുന്ന സ്ലറിയില്‍ നൈട്രജന്‍ കൂടുതലായതിനാല്‍ ഇത് നേര്‍പ്പിച്ച് വളമായും ഉപയോഗിക്കാന്‍ സാധിക്കും. പെരിഞ്ഞനം പഞ്ചായത്തിന്റെ പെരിഞ്ഞനോര്‍ജ്ജം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 2020 ആഗസ്റ്റ് 17ന് പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ പദവിയും കൈവരിച്ചു.