ഞാറ്റ് പാട്ടിന്റെ ഈണത്തില്‍ കരനെല്‍ കൃഷിക്ക് തുടക്കം

post

തൃശൂര്‍ : കരനെല്‍ കൃഷിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തില്‍ നെല്‍ വിത്തിറക്കി. തരിശു ഭൂമി കൃഷി യോഗ്യമാക്കാനുള്ള ഗ്രാമ പഞ്ചായത്തിന്റേയും തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായാണ് ഞാറ്റ് പാട്ടിന്റെ അകമ്പടിയോടെ ഒരേക്കറില്‍ നെല്‍വിത്തിറക്കിയത്. കടപ്പുറം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ സുനാമി കോളനിക്കടുത്ത് നടത്തിയ വിത്തിറക്കല്‍ ഉത്സവം പഞ്ചായത്ത് പ്രസിഡണ്ട് പി. വി. ഉമ്മര്‍കുഞ്ഞി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷൈല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ  ഗാന്ധി തൊഴിലുറപ്പ് ഓവര്‍സീയര്‍ നാദിയ, എഡിഎസ് ഭാരവാഹികളായ പി. എം ആമിനു, ആര്‍. വി. താഹിറ, തൊഴിലുറപ്പ് തൊഴിലാളികളായ ശിവദാസന്‍, ഹനീഫ, അമ്മിണി, പുഷ്പ തുടങ്ങിയവര്‍ പങ്കെടുത്തു.