പഠനത്തോടൊപ്പം തൊഴിൽ പരിചയവും സ്റ്റൈപ്പൻഡും: ‘അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം’
ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ (BoAT) സഹകരണത്തോടെ ‘അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം’ (AEDP) ഈ അക്കാദമിക വർഷം മുതൽ നടപ്പിലാക്കുന്നു. ബിരുദ പഠനത്തോടൊപ്പം തൊഴിൽ പരിചയവും ഒപ്പം കുഞ്ഞ് വരുമാനവും ഉറപ്പാക്കുന്നതാണ് ഈ പുതിയ പദ്ധതി.
ആർട്സ്, സയൻസ്, കോമേഴ്സ് വിഭാഗങ്ങളിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം 6 മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനം നേടാൻ ഇതിലൂടെ അവസരം ലഭിക്കും. പരിശീലന കാലയളവിൽ ബിരുദ വിദ്യാർത്ഥികൾക്ക് 10,900 രൂപയും ഡിപ്ലോമക്കാർക്ക് 9,600 രൂപയും സ്റ്റൈപ്പൻഡായി ലഭിക്കും.
പുസ്തക അറിവിനൊപ്പം മികച്ച തൊഴിൽ നൈപുണ്യവും നേടി യുവതലമുറയെ ക്യാമ്പസുകളിൽ നിന്ന് തന്നെ മികച്ച തൊഴിലുകളിലേക്ക് വഴിനടത്താൻ ഈ പദ്ധതി കരുത്തേകും. പഠിച്ചിറങ്ങുമ്പോൾ വെറും 'ഫ്രഷർ' ആയിട്ടല്ല, മറിച്ച് ഫീൽഡിൽ മുൻപരിചയമുള്ള പ്രൊഫഷണലുകളായി വിദ്യാർത്ഥികൾക്ക് ജോലിയിലേക്ക് ചുവടുവെക്കാൻ ഈ തീരുമാനം ഏറെ സഹായകരമാകും.








