പീരങ്കി മൈതാനത്ത് ഓണച്ചന്ത തുടങ്ങി

post

കൊല്ലം : ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ-സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ പീരങ്കി മൈതാനത്ത് ഓണച്ചന്ത തുടങ്ങി. എം.നൗഷാദ് എം.എല്‍ എ ദീപം തെളിയിച്ചു.  ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ച ശേഷമാണ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.  മേയര്‍ ഹണി ബെഞ്ചമിന്‍ ആദ്യ വില്‍പ്പന നടത്തി.

പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ചന്തയില്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഹോര്‍ട്ടികോര്‍പ്പിന്റെ  മേല്‍നോട്ടത്തിലുള്ള വിഷരഹിത പച്ചക്കറികളും ന്യായമായ നിരക്കില്‍ ലഭിക്കും. കുടുംബശ്രീ അടക്കമുള്ള  സര്‍ക്കാര്‍ ഏജന്‍സികളും ചന്തയില്‍ ഭാഗമാണ്.

കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് സാമൂഹിക അകലം ഉറപ്പ് വരുത്തിയാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. തെര്‍മല്‍ സ്‌കാനിംഗ് പരിശോധനകളും തിരക്ക് ഒഴിവാവാക്കാന്‍ കൗണ്ടര്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് ജില്ലാ ഡിപ്പോയിലെ പതിനഞ്ചോളം ജീവനക്കാരുടെ സേവനവും  ഈ മാസം 31 വരെ തുടരുന്ന ചന്തയിലുണ്ട്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവര്‍ത്തിസമയം.

ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, ഡിവിഷന്‍ കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ദീപ,  സിവില്‍ സപ്ലൈസ് ജില്ലാ ഡിപ്പോ മാനേജര്‍ ഗോപകുമാര്‍, ഹോര്‍ട്ടികോര്‍പ് ജില്ലാ മാനേജര്‍ മധു എന്നിവര്‍ പങ്കെടുത്തു.