കൊടുങ്ങല്ലൂരില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായത് 1000 വീടുകള്‍

post

തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയത് 1000 വീടുകള്‍. ഇതിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണ പ്രഖ്യാപനം ആഗസ്റ്റ് 27 രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന്‍ എം പി, അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, കുടുംബശ്രീ മിഷന്‍ കോ-ഓഡിനേറ്റര്‍ ഹരി കിഷോര്‍ എന്നിവര്‍ പങ്കെടുക്കും.

2019ല്‍ ലൈഫ് മിഷന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ നഗരസഭയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം കൊടുങ്ങല്ലൂര്‍ നഗരസഭയ്ക്ക് ലഭിച്ചിരുന്നു. സര്‍ക്കാരിന്റെ പല പദ്ധതികളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ കഴിയാതിരുന്ന വീടുകളില്‍ നൂറ് ശതമാനം പൂര്‍ത്തീകരിച്ചതിനും അവാര്‍ഡ് ലഭിച്ചിരുന്നു. വീട് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ധനസഹായത്തിന് പുറമെ 3.54 കോടി രൂപ നഗരസഭ ബാങ്ക് വായ്പ എടുത്താണ് പണി പൂര്‍ത്തീകരിച്ചത്. മുഖ്യമന്ത്രിയുടെ ചടങ്ങ് അന്നേ ദിവസം നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും കാണുന്നതിന് സൗകര്യമേര്‍പ്പെടുത്തിയതായി ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അറിയിച്ചു.