സുഭിക്ഷ കേരളം : വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

post

തൃശൂര്‍: കൃഷി, തദ്ദേശം, സഹകരണം എന്നീ വകുപ്പുകള്‍ ഒത്തുപിടിച്ചാല്‍ കാര്‍ഷിക രംഗത്ത് സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തിക്കാട് തരിശുരഹിത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും സുഭിക്ഷ കേരളം പദ്ധതി നാട് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.

കൃഷി ചെയ്യുന്നത് കൃഷിവകുപ്പിന്റെ കാര്യമെന്ന സ്ഥിതിയില്‍ നിന്ന് ജനങ്ങള്‍ സ്വയം കൃഷി രംഗത്തേക്ക് വരുന്നു. കൃഷിയിലൂടെ കുടുംബാംഗങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും  മിനി ഫാം രൂപപ്പെടുത്തുന്നതിനാവശ്യമായ സാമ്പത്തിക സഹായം നബാഡില്‍ നിന്ന് ഉറപ്പാക്കും. ഇതിലൂടെ കന്നുകാലി, മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃഷി മന്ത്രി വി. എസ്. സുനില്‍ കുമാര്‍ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ സുഭിക്ഷ കേരളം ഗ്രൂപ്പുകള്‍ക്കുള്ള സബ്സിഡി വിതരണം ചെയ്തു. ഗീതാഗോപി എം .എല്‍ .എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി എന്നിവര്‍ മുഖ്യാഥിതികളായി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും പരിപാടിയില്‍ പങ്കെടുത്തു.