കോവിഡ് ബാധിതരായ ഗര്‍ഭിണികളുടെ ചികിത്സയ്ക്കു പ്രത്യേക സൗകര്യം

post

തിരുവനന്തപുരം ; കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്കായി ജില്ലയില്‍ പ്രത്യേക ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. ഏഴു മാസം വരെയുള്ള ഗര്‍ഭിണികള്‍ക്കു പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിയിലും ഏഴു മാസം മുതല്‍ പ്രസവം വരെ പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. അനുബന്ധ രോഗബാധിതരായവര്‍ക്കു തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയിലും സൗകര്യമൊരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു.

കോവിഡ് ബാധിതരല്ലാത്ത ഗര്‍ഭിണികള്‍ക്കു ജില്ലയില്‍ ലഭ്യമായ മറ്റു സൗകര്യങ്ങള്‍ ഉപയോഗിക്കാം. കണ്ടൈന്‍മെന്റ് സോണില്‍ താമസിക്കുന്നവരും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം കോവിഡ് പരിശോധന നടത്തിയശേഷമേ ആശുപത്രിയില്‍  പോകാവൂ.

കോവിഡ് സമ്പര്‍ക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ക്കു പ്രത്യേക ശ്രദ്ധ വേണം. ശുചിമുറി സൗകര്യമുള്ള, വായു സഞ്ചാരമുള്ള മുറിയില്‍ കഴിയണം. വീട്ടിലുള്ള മറ്റുള്ളവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ലഘുവ്യായാമങ്ങള്‍ മുറിക്കുള്ളില്‍ത്തന്നെ ചെയ്യുക.  പോഷക സമൃദ്ധമായ ആഹാരം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താവൂ. ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ച ശേഷം അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.