ജില്ലയിലെ ആദ്യത്തെ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് കൊടുങ്ങല്ലൂരില്‍

post

തൃശൂര്‍: ഇറച്ചിക്കോഴി വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആരംഭിച്ച കേരള ചിക്കന്‍ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കം. കേരള ചിക്കന്റെ ആദ്യത്തെ ഔട്ട്‌ലെറ്റ് കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചാപ്പാറയില്‍ തുടങ്ങി.

വര്‍ദ്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കാണുന്നതിനും നമ്മുടെ നാട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന സുരക്ഷിതമായ ഇറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുമാണ് കേരള ചിക്കന്‍ കമ്പനി ലക്ഷ്യമിടുന്നത്. നഗരസഭയിലെ സി.ഡി.എസ് ഒന്നാം നമ്പറിന്റെ കീഴിലുള്ള സംരംഭകരാണ് ഔട്ട്ലെറ്റ് തുടങ്ങിയത്. ഒരു കിലോ ഇറച്ചി 80 രൂപയ്ക്കാണ് വില്‍പ്പന. കേരള ചിക്കന്‍ കമ്പനി കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റുകളും പദ്ധതിയുടെ ഭാഗമായി നല്‍കും. കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന്, എന്നിവയും കമ്പനി ഇറക്കി നല്‍കും. ഇതിന് വളര്‍ത്ത് കൂലിയും നല്‍കും. യൂണിറ്റിന് 5 ലക്ഷം രൂപ ബാങ്ക് ലോണായും 50,000 രൂപ സബ്സിഡി തുകയായും നല്‍കും.

നഗരസഭയുടെ കാവില്‍ക്കടവിലുള്ള മാര്‍ക്കറ്റ് കോംപ്ലക്സില്‍ ഉടനെതന്നെ മറ്റൊരു കേരള ചിക്കന്‍ ഔട്ട്ലെറ്റ് കൂടി ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.ആര്‍.ജൈത്രന്‍ പറഞ്ഞു. അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം എല്‍ എ ഔട്ട് ലെറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍, വൈസ് ചെയര്‍പേഴ്സണ്‍ ഹണി പീതാംബരന്‍, വിനീത മണിലാല്‍, ശ്രീദേവി തിലകന്‍, കിരണ്‍.എം.സുഗതന്‍, വിനോദ് എന്നിവര്‍ പങ്കെടുത്തു.