ഖരമാലിന്യ സംസ്‌കരണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക്

post

കൊല്ലം: ഖരമാലിന്യ സംസ്‌കരണത്തില്‍ ഹരിതകേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷന്‍ പ്രവര്‍ത്തന ഫലമായി ജില്ലയിലെ  വിവിധ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ശുചിത്വ പദവിയിലേക്ക്. ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സ് ഇതു സംബന്ധിച്ച വിലയിരുത്തല്‍ നടത്തി.  

ശുചിത്വ പദവി നിര്‍ണയിക്കുന്നതിനുള്ള വിലയിരുത്തല്‍ ഘടകങ്ങളുടെ 100 മാര്‍ക്കിന്റെ ചോദ്യാവലികളും അനുബന്ധ മാര്‍ഗ നിര്‍ദേശങ്ങളും എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഓരോ ഇനത്തിലും പ്രവര്‍ത്തന പുരോഗതിയ്ക്ക് അനുസരിച്ച് മാര്‍ക്ക് നല്‍കാം. 60 മാര്‍ക്കിന് മുകളില്‍ ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ശുചിത്വ പദവി ലഭിച്ചതായി കണക്കാക്കും. ഇത് സംബന്ധിച്ച അവലോകനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ ചെയര്‍മാനും ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ കണ്‍വീനര്‍മാരായും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍,  ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍(നഗരകാര്യം), ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍-ദേശീയ ആരോഗ്യ ദൗത്യം എന്നിവര്‍ മെമ്പര്‍മാരായും സമിതി രൂപീകരിച്ചിട്ടുണ്ട്.

ജില്ലാ സമിതി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരും  ഹരിതകേരളം  മിഷന്‍, ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, മാലിന്യ സംസ്‌കരണ മേഖലയിലെ   വിദഗ്ധര്‍ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ അടങ്ങുന്ന അഞ്ച് ടീമാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ശുചിത്വ പദവി മൂല്യനിര്‍ണയം നടത്തുന്നത്. പരിശോധന സംബന്ധിച്ചുള്ള കലണ്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. ജില്ലയിലെ 60 ശതമാനത്തോളം തദ്ദേശ സ്ഥാപനങ്ങള്‍ ഖരമാലിന്യ സംസ്‌ക്കരണ രംഗത്ത് ഇത്തരത്തില്‍ സെപ്റ്റംബര്‍ 10ന് മുമ്പായി ശുചിത്വ പദവി കൈവരിക്കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഐസക്ക് അറിയിച്ചു.

ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, കുടുംബശ്രീ-ജില്ലാ മെഡിക്കല്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.