പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ജനകീയമാക്കും: ശില്പശാല സംഘടിപ്പിച്ചു

post

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്കായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ശില്പശാല സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിലെ വെല്ലുവിളികൾക്ക് അടിയന്തര നടപടികളാണ് ശാശ്വത പരിഹാരമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേകിച്ച് പകർച്ചവ്യാധികളുടെ കാര്യത്തിൽ കാര്യങ്ങളെല്ലാം ഭദ്രമാണെന്ന് അവകാശപ്പെടില്ല. തെറ്റായ സന്ദേശങ്ങൾ ജനങ്ങളിൽ ലാഘവത്വം സൃഷ്ടിക്കാൻ ഇടയാക്കും. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പകർച്ചവ്യാധി പരിശോധനകൾ ഊർജ്ജിതമാക്കാനും മരണസംഖ്യ ഉൾപ്പെടെയുള്ള കണക്കുകൾ ആരോഗ്യ വകുപ്പിന്റെ പോർട്ടലിൽ കൃത്യമായി ലഭ്യമാക്കാനും നിർദ്ദേശം നൽകിയിട്ടുള്ളത്. മാധ്യമ വിമർശനങ്ങളെ പോസിറ്റീവായി കണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും വിമർശനങ്ങളിൽ അസഹിഷ്ണുതയില്ലെന്നും മന്ത്രി വ്യക്തമാക്കി.


പകർച്ചവ്യാധി പ്രതിരോധം കുറ്റമറ്റ രീതിയിൽ ഏകോപിപ്പിക്കുന്നതിനായി സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കാനും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ജനങ്ങളിൽ കൃത്യമായി എത്തിക്കാനും മാധ്യമങ്ങളുടെ സഹകരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


എലിപ്പനി: എലിപ്പനി വളരെ വേഗത്തിൽ ജീവഹാനി വരുത്താൻ സാധ്യതയുള്ളതിനാൽ മുതിർന്നവർ, കുട്ടികൾ, മറ്റ് രോഗങ്ങളുള്ളവർ തുടങ്ങിയ ഹൈറിസ്‌ക് വിഭാഗത്തിൽപ്പെട്ടവർ പനി ബാധിച്ചാൽ ഉടൻതന്നെ ചികിത്സ തേടണം. തുടക്കത്തിൽ തന്നെ ഡോക്‌സിസൈക്ലിൻ ഗുളികകൾ കഴിക്കുന്നത് മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.


ഡെങ്കിപ്പനി: ശക്തമായ വയറുവേദന, ഛർദ്ദി, മയക്കം, രക്തസമ്മർദ്ദത്തിലെ കുറവ്, രക്തസ്രാവത്തിന്റെ ലക്ഷണങ്ങൾ എന്നിവ ഡെങ്കിപ്പനിയുടെ അപകടസൂചനകളാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.


ചടങ്ങിൽ ഉന്നതാധികാര സമിതി ചെയർമാൻ ഡോ. എസ്. എസ്. ലാൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി വി., അഡീഷണൽ ഡയറക്ടർ ഡോ. റീത്ത കെ. പി., ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദുമോഹൻ, ആരോഗ്യകേരളം ഡി.പി.എം. ഡോ. അർണോൾഡ് ദീപക്, ഉന്നതാധികാര സമിതി കൺവീനർ ഡോ. ശ്രീജിത്ത് എൻ. കുമാർ, അംഗങ്ങളായ ഡോ. സുൽഫി നൂഹു, ഡോ. എ. അൽത്താഫ്, ഡോ. അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.