സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ മലപ്പുറം ചാംപ്യൻമാർ

post

ഇന്ത്യൻ ഫുട്ബോളിന്റെ നാളത്തെ പ്രതീക്ഷകളായി കേരളത്തിലെ ചെറുപ്പക്കാരുണ്ടാകണമെന്ന് കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ്. തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന 65-ാമത് സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം 'ഓപ്പറേഷൻ കളരി' എന്ന പേരിൽ ഒരു പദ്ധതി പ്രഖ്യാപിച്ചു. കേരളത്തിലെ അത്‌ലറ്റിന്റെയും അതോടൊപ്പംതന്നെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെയും നവീകരിക്കുന്ന പദ്ധതിയാണിത്. അതിന്റെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ കേരളത്തിന്റെ കായിക മേഖലയ്ക്കു കീഴിലുള്ള ഹോസ്റ്റലുകൾ, സ്‌റ്റേഡിയങ്ങൾ, അനുബന്ധ സൗകര്യങ്ങൾ എല്ലാം തന്നെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ മെച്ചപ്പെടുത്തിയെടുക്കുന്ന ഒരു പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


ചടങ്ങിൽ മന്ത്രി ഒ.ജെ ജനീഷ് ചാംപ്യൻമാർക്കുള്ള ട്രോഫിയും മെഡലും വിതരണം ചെയ്തു. മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ടീമുകൾ ചാംപ്യൻമാരായി. കോഴിക്കോട് ജില്ലാ ടീം രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലാ ടീം മൂന്നാം സ്ഥാനവും നേടി. സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ സംസ്ഥാനത്തിന്റെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അണ്ടർ 15 ബോയ്സ്, അണ്ടർ 17 ഗേൾസ്, അണ്ടർ 17 ഗോൾസ് സ്‌കൂൾ ടീമുകളായിരുന്നു മത്സരിച്ചത്.


സമാപന സമ്മേളനത്തിൽ എം.എൽ.എ രാജൻ ജെ. പല്ലൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും പത്മശ്രീ പുരസ്‌ക്കാര ജേതാവുമായ ഐ.എം. വിജയൻ, മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ജോപോൾ അഞ്ചേരി എന്നിവർ മുഖ്യാതിഥികളായി. തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ജോയ് ബാസ്റ്റിൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സുമേഷ്, ഡി.ഡി.ഇ ടി. ഷൈല, സംസ്ഥാന സ്പോർട്ട്സ് കോ-ഓർഡിേനേറ്റർ അജിത് വർഗ്ഗീസ്, അസിസ്റ്റന്റ് സ്റ്റേറ്റ് സ്‌പോർട്‌സ് ഓർഗനൈസർമാരായ വിസ്മയ, പി.യു. ചിത്ര, കുഞ്ഞുമുഹമ്മദ്, ജില്ലാ സ്‌പോർട്‌സ് കോർഡിനേറ്റർ എ.കെ ഷാജി, തൃശൂർ ആർ.ഡി.എസ്.ജി.എ സെക്രട്ടറി സുധീർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് പൊതുവിദ്യാഭ്യാസ വകുപ്പ് എ.ഡി.പി.ഐ സി.എ സന്തോഷ് സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ നന്ദിയും പറഞ്ഞു.