നൂറ് ദിന കർമപരിപാടി: കൈപ്പുസ്തകം പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
നൂറ് ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ ന്യൂനപക്ഷ വഖഫ് വകുപ്പ് നടപ്പാക്കുന്ന കർമ്മ പദ്ധതികൾ ഉൾപ്പെടുത്തിയ കൈപ്പുസ്തകം പൊതു വിദ്യാഭ്യാസ ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി. ഡി സതീശൻ പ്രകാശനം ചെയ്തു.
പൊതു വിദ്യാലയങ്ങളിലെ 11, 12 ക്ലാസിലെ എല്ലാകുട്ടികൾക്കും സ്കൂൾ പഠനത്തിനോടൊപ്പം മത്സരപരീക്ഷയിൽ വിജയിക്കുന്നതിനായുള്ള കർമപദ്ധതി, പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സ്കൂൾ ഓഫ് എക്സലൻസ് അവാർഡുകൾ നൽകുക, അക്കാദമിക് നിലവാരം ഉയർത്തുന്നതിന് സമഗ്ര ഡിജിറ്റൽ അക്കാദമി മോണിറ്ററിംഗ് സംവിധാനം, എൽ പി, യുപി സ്കൂളുകളിൽ അടിസ്ഥാന ഗണിതം, മലയാളം, ഇംഗ്ലീഷ് പഠനകളരി സജ്ജമാക്കൽ പദ്ധതി, ഏകാധ്യാപക വിദ്യാലയങ്ങളുടെ നവീകരണ പദ്ധതി, ഹൈസ്കൂളുകളിൽ എഐ റോബോട്ടിക്സ് സാങ്കേതിക വിദ്യ നടപ്പാക്കുക തുടങ്ങിയ പതിനാറോളം പദ്ധതികളാണ് നൂറ് ദിനം കൊണ്ട് നടപ്പാക്കുന്നത്.

പൊതു വിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡിജിഇ സ്നേഹിൽ കുമാർ, എസ്.എസ്.കെ ഡയറക്ടർ കെ. മോഹൻകുമാർ, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിസാർ എച്ച്, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായ ഡോ. സാജുദ്ദീൻ. പി.എ, അഷറഫ് .പി, അണ്ടർ സെക്രട്ടറി ചിത്രലേഖ കെ. കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.







