മുഖം മിനുക്കി കനാല്‍ ഓഫീസ് കടവ്; തീര്‍ത്ഥാടകരെ വരവേല്‍ക്കാനൊരുങ്ങി തിരുവഞ്ചിക്കുളം ബോട്ട് ജെട്ടി

post

തൃശൂര്‍ : ഒരു കാലത്ത് കനോലി കനാലിലൂടെ സഞ്ചരിച്ചിരുന്ന വഞ്ചികളുടെയും വള്ളങ്ങളുടെയും ചുങ്കം പിരിച്ചിരുന്ന പുരാതനമായ തിരുവഞ്ചിക്കുളം കനാല്‍ ഓഫീസിന്റെ കടവ് ഇനി മുതല്‍ തീര്‍ത്ഥാടകരെയും ടൂറിസ്റ്റുകളെയും വരവേല്‍ക്കും. മുസിരിസ് ജലപാതയുടെ ഭാഗമായാണ് പൗരാണികമായ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ബോട്ട് ജെട്ടി ഉയര്‍ന്നത്. 15 ബോട്ട് ജെട്ടികളാണ് മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പതിമൂന്നാമത്തെ ബോട്ട് ജെട്ടിയാണ് തിരുവഞ്ചിക്കുളത്ത് അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തത്. ഗോതുരുത്ത് വലിയ പള്ളി, പള്ളിപ്പുറം, അഴീക്കോട് മാര്‍ത്തോമ്മ, ഗോതുരുത്ത് ചെറിയ പള്ളി, കോട്ടയില്‍ കോവിലകം, കോട്ടപ്പുറം കോട്ട, സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, ചേന്ദമംഗലം, പറവൂര്‍ മാര്‍ക്കറ്റ്, കോട്ടപ്പുറം ചന്ത എന്നിവയാണ് മറ്റു ജെട്ടികള്‍. ബാക്കി വരുന്ന രണ്ട് ബോട്ട് ജെട്ടികള്‍ അഴീക്കോട് മുനയ്ക്കല്‍ ബീച്ച്, മതിലകം ബംഗ്ലാവ് കടവ്, എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കും. 40 ലക്ഷം രൂപയാണ് തിരുവഞ്ചിക്കുളം ബോട്ട് ജെട്ടിയുടെ നിര്‍മ്മാണത്തിനായി അനുവദിച്ചത്. എന്നാല്‍ 33,92,661 രൂപയ്ക്ക് കരാറുകാരന്‍ പണി ഏറ്റെടുത്ത്, 32,87,304 രൂപയ്ക്ക് പ്രവൃത്തി പൂര്‍ത്തീകരിച്ചു.

തിരുവഞ്ചിക്കുളത്ത് എത്തുന്ന തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കി കൊണ്ടാണ് ബോട്ട് ജെട്ടിയുടെ പ്രവര്‍ത്തനം. ചുങ്കം പിരിച്ചിരുന്ന പഴയ തിരുവഞ്ചിക്കുളം കനാല്‍ ഓഫീസും പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഓഫീസിന്റെ പുനര്‍ നിര്‍മ്മാണവും പുരോഗമിക്കുന്നുണ്ട്. രണ്ട് കോടി രൂപയാണ് കനാല്‍ ഓഫീസിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ചെലവഴിക്കുക. 40 സെന്റില്‍ ഇരുനിലകളിലായി 4000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് നിര്‍മ്മാണം. ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തും. ആദ്യകാലത്ത് കൊച്ചി രാജാവും കുടുംബവും ക്ഷേത്രദര്‍ശനത്തിന് എത്തുമ്പോള്‍ വിശ്രമിച്ചിരുന്ന ബംഗ്ലാവാണ് നികുതി പിരിക്കുന്ന ഓഫീസാക്കി പിന്നീട് മാറ്റിയത്.

മുസിരിസ് ഹെറിറ്റേജ് ആന്റ് സ്‌പൈസ് റൂട്ട് പദ്ധതിയുടെ രണ്ടാം ഘട്ട നവീകരണത്തിനായി സര്‍ക്കാര്‍ കൊടുങ്ങല്ലൂര്‍ പ്രദേശത്ത് അഞ്ച് ബോട്ട് ജെട്ടി കെട്ടിട നിര്‍മ്മാണത്തിനും ചരിത്രാധീതമായ ഇടങ്ങള്‍ക്കും 2.25 കോടി രൂപ ധനസഹായം നല്‍കിയിരുന്നു. അഴീക്കോട്, മാര്‍ത്തോമ പള്ളി, തിരുവഞ്ചിക്കുളം, പള്ളിപ്പുറം കോട്ട, ഗോതുരുത്ത് വലിയ പള്ളി, വടക്കന്‍ പറവൂരിന് സമീപം കുറ്റിചിറ എന്നീ ബോട്ട് ജെട്ടികള്‍ക്കാണ് തുക അനുവദിച്ചത്. ഇതില്‍ കുറ്റിച്ചിറ ബോട്ട് ജെട്ടിയ്ക്ക് പകരമാണ് അഴീക്കോട് മുനയ്ക്കല്‍, മതിലകം ബംഗ്ലാവ് എന്നിവിടങ്ങളിലായി രണ്ട് ബോട്ട് ജെട്ടികള്‍ ഉയരുന്നത്. കൊടുങ്ങല്ലൂരിലെ എല്ലാ ചരിത്രസ്മാരകങ്ങളും ജലമാര്‍ഗ്ഗം വഴി ബന്ധിപ്പിക്കുവാന്‍ ഇതുവഴി സാധിക്കും. ഇറിഗേഷന്‍ വകുപ്പിനാണ് നിര്‍മ്മാണചുമതല.

കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇറിഗേഷന്‍ വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഹണി പീതാംബരന്‍, തിരുവഞ്ചിക്കുളം ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സത്യധര്‍മ്മന്‍ അടികള്‍, സെക്രട്ടറി രഘുനാഥനുണ്ണി, മുസിരിസ് പൈതൃക പദ്ധതി എം ഡി പി എം നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.