മത്സ്യഫെഡിന്റെ ഇടപെടലുകള്‍ ചൂഷണങ്ങളെ ചെറുക്കാന്‍ : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം:  മത്സ്യത്തൊഴിലാളി മേഖലയില്‍ നടക്കുന്ന ചൂഷണങ്ങള്‍ ചെറുക്കുന്നതിനാണ് മത്സ്യഫെഡ് ഇടപെടുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കൊല്ലത്ത് നിര്‍മാണം പൂര്‍ത്തിയായ മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം നീണ്ടകരയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വിഷരഹിതമായ മത്സ്യം വിപണിയില്‍ എത്തിക്കുവാനും അധ്വാനിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പവരുത്താനും മത്സ്യഫെഡിന് കഴിഞ്ഞിട്ടുണ്ട്. 'കേരളത്തിന്റെ സൈന്യ'മെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളി മേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത് മന്ത്രി കൂട്ടിച്ചേര്‍ത്തു.

മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ അധ്യക്ഷനായി. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മത്സ്യമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നാലാമത്തെ ജില്ലയ്ക്കാണ് സ്വന്തമായി ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. കൊല്ലത്തിന് പുറമേ എറണാകുളം, തിരുവനന്തപുരം, കാസര്‍കോഡ് ജില്ലകള്‍ക്കാണ് സ്വന്തമായി ഓഫീസ് ഉണ്ടായിരുന്നത്. ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഓഫീസ് ആരംഭിക്കാനുള്ള സ്ഥലം ഫിഷറീസ് വകുപ്പ് അനുവദിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കെ എസ് എഫ് ഇ യുടെ സഹായത്തോടെ സംസ്ഥാനത്തിന്റെ തീരപ്രദേശത്തുടനീളം  ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍, സമഗ്ര വിദ്യാഭ്യാസത്തിന് വേണ്ടി 'പ്രതിഭാതീരം', എന്നീ പദ്ധതികള്‍ മത്സ്യഫെഡ് നടപ്പിലാക്കിയിട്ടുണ്ട്.

മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ ലോറന്‍സ് ഹാരോള്‍ഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ജി രാജദാസ്, ടി മനോഹരന്‍, സബീന സ്റ്റാന്‍ലി, മത്സ്യഫെഡ് ജില്ലാ മാനേജര്‍ സി മണിയപ്പന്‍ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍ നേതാക്കളായ എച്ച് ബേസില്‍ ലാല്‍, അനിരുദ്ധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.