പടന്നയിലെ ജനങ്ങള്‍ക്ക് ആശ്വാസം: അക്വാ സ്ട്രീം പദ്ധതി നടപ്പാക്കി കൊടുങ്ങല്ലൂര്‍ നഗരസഭ

post

തൃശൂര്‍: കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള കൊടുങ്ങല്ലൂര്‍ നഗരസഭയുടെ അക്വാ സ്ട്രീം പദ്ധതി യാഥാര്‍ത്ഥ്യമായി. രൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവപ്പെടുന്ന മേത്തല വില്ലേജിലെ പടന്ന ഗ്രാമത്തിലേക്കുള്ള 200 കുടുംബങ്ങള്‍ക്ക് നേരിട്ട് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. കൊടുങ്ങല്ലൂര്‍ നഗരസഭയും റോട്ടറി ക്ലബ്ബും സംയുക്തമായാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്. തീരപ്രദേശമായ പടന്നയിലെ വീടുകളിലേയ്ക്ക് പ്രത്യേകം ഹൗസ് കണക്ഷന്‍ നല്‍കിയാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. 35,42,728 രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പമ്പിങ് സ്റ്റേഷന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

മേത്തല കുന്നംകുളത്ത് നഗരസഭയുടെ സ്ഥലത്ത് ബോര്‍വെല്‍ താഴ്ത്തിയാണ് വെള്ളം സംഭരിക്കുന്നത്. ഈ വെള്ളം മുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ടാങ്കിലേക്ക് പമ്പ് ചെയ്ത് കയറ്റി ശാസ്ത്രീയ സംവിധാനത്തിലൂടെ ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുക. 20,000 ലിറ്റര്‍ കപ്പാസിറ്റിയുള്ളതാണ് ടാങ്ക്. ഈ ടാങ്കില്‍ നിന്ന് അഞ്ച് കി.മീറ്റര്‍ ദൂരത്തില്‍ പൈപ്പ് വലിച്ചാണ് പടന്നയിലെ ഓരോ വീടുകളിലേക്കും ശുദ്ധജലമെത്തിക്കുന്നത്. പടന്ന പൂര്‍ണ്ണമായും ഉപ്പ് വെള്ള പ്രദേശമായതിനാലാണ് കുന്നംകുളത്ത് പഌന്റ് നിര്‍മ്മിച്ച് പൈപ്പ് വഴി കുടിവെള്ളം എത്തിക്കേണ്ടി വന്നത്. നഗരത്തിലെ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന വയലാറിലാണ് പദ്ധതി ആരംഭിക്കുവാന്‍ സ്ഥലം ആദ്യം കണ്ടെത്തിയതെങ്കിലും ജല ലഭ്യത കുറഞ്ഞ സ്ഥലമായതിനാല്‍ പിന്നീട് പടന്നയിലേയ്ക്ക് മാറ്റുകയായിരുന്നു.

പദ്ധതിയുടെ തുടര്‍നടത്തിപ്പിനായി ഗുണഭോക്താക്കളുടെ മാനേജ്‌മെന്റ്് കമ്മിറ്റിയും രൂപവല്‍ക്കരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരിക്കും ദൈനംദിന കുടിവെള്ള വിതരണം നടത്തുന്നത്. പദ്ധതിയുടെ പരിപാലനം റോട്ടറി ക്ലബ്ബ് നടത്തും. ഇതിന്റെ ഭാഗമായി നഗരസഭയും റോട്ടറി ക്ലബ്ബുമായി ധാരണാപത്രം ഒപ്പ് വെച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് മനോജ് മേനോന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോസ് ചാക്കോ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ പദ്ധതി ഏറ്റുവാങ്ങി.