തൊഴിലാളികളുടെ ആരോഗ്യത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും പ്രഥമ പരിഗണന : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം : ചെറുകിട വായ്പാ പദ്ധതികളിലൂടെ മത്സ്യത്തൊഴിലാളികളുടെ ആരോഗ്യത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. വനിതാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് വായ്പ നല്‍കുന്ന 3ആര്‍ പദ്ധതി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എം മുകേഷ് എം എല്‍ എ അധ്യക്ഷനായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒട്ടനവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പിലാക്കിയിട്ടുള്ളതെന്ന് എം എല്‍ എ പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകളുടെ പിന്നാക്കാവസ്ഥ പരിഹരിച്ച് മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സാഫ്(സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍ വിമെന്‍) മുഖേന ഫിഷറീസ് വകുപ്പ് സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന വായ്പാ പദ്ധതിയാണ് 3ആര്‍.

കേരള ബാങ്കിന്റെ സഹകരണത്തോടെ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേരടങ്ങുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലെ 200 ജോയിന്റ് ലയബിലിറ്റി ഗ്രൂപുകളിലെ 1000 ത്തോളം തൊഴിലാളികളെ  തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ 20 ഗ്രൂപ്പുകള്‍ക്കാണ് ഇന്ന് വായ്പ്പവിതരണം നടന്നത്.  

ഒരംഗത്തിന് 10,000 രൂപ എന്ന കണക്കില്‍ 50,000 രൂപവരെ ഒരു ഗ്രൂപ്പിന് നല്‍കും. ഫണ്ട് തിരിച്ചടയ്ക്കുന്ന മുറയ്ക്ക് അടുത്ത ഘട്ടത്തില്‍ വീണ്ടും വായ്പ ലഭ്യമാക്കും. കൃത്യമായി തിരിച്ചടവ് പാലിക്കുന്ന തൊഴിലാളികള്‍ക്ക് വരും വര്‍ഷങ്ങളില്‍ ബോണസ് നല്‍കും. തീരദേശ മേഖലയില്‍ മത്സ്യവില്‍പ്പനയും അനുബന്ധതൊഴിലുകളായ പീലിംഗ്, മത്സ്യം ഉണക്കല്‍ ജോലികളും ചെയ്ത് വരുന്ന സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം പദ്ധതിയിലൂടെ ഉറപ്പാക്കാന്‍ കഴിയും.

പദ്ധതിയുടെ രണ്ടാംഘട്ടം  തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് വ്യാപിപ്പിക്കും. പദ്ധതി മേല്‍നോട്ടത്തിനും  തിരിച്ചടവ് പ്രക്രിയകള്‍  സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍  നല്‍കുവാനും  പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവതികളില്‍ നിന്ന് പത്തോളം  ഫെസിലിറ്റേറ്റര്‍മാരെ സാഫ് നിയമിച്ചിട്ടുണ്ട്.  കേരള ബാങ്ക് ചീഫ്  എക്സിക്യൂട്ടീവ് ഓഫീസര്‍ പി എസ് രാജന്‍, സാഫ്  എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ എസ്   ശ്രീലു, കേരള ബാങ്ക്  ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ ശ്രീകുമാര്‍, കുഫോസ് സിന്‍ഡിക്കേറ്റ് മെമ്പര്‍ എച്ച് ബേസിലാല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ഫിഷറീസ്-മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.