ലൈഫ് പദ്ധതിയ്‌ക്കെതിരെയുളള വിവാദങ്ങൾ തകരുന്നത് പാവപ്പെട്ടവന്റെ ഭവനസ്വപ്നങ്ങൾ: മന്ത്രി എ. സി. മൊയ്തീൻ

post

19 വീടുകളുടെ താക്കോൽ കൈമാറി

തൃശൂർ: ലൈഫ് പദ്ധതിയ്‌ക്കെതിരെ ഉയരുന്ന വിവാദങ്ങൾ പാവപ്പെട്ടവന്റെ വീട് എന്ന സ്വപ്നത്തെ തല്ലികെടുത്താനെ ഉപകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു. റീബിൽഡ് കേരളയുടെ ഭാഗമായി മേലൂർ പഞ്ചായത്ത് പാലപ്പിളളിയിൽ നിർമ്മിച്ച 19 വീടുകളുടെ താക്കോൽദാനവും പട്ടയവിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രാവർത്തികമാക്കുന്നത്. സർക്കാരിന്റെ ഭവനപദ്ധതിയെ ജനകീയ പദ്ധതിയാക്കി മാറ്റി വിജയിപ്പിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. പാലപ്പിളളിയിൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനാണ് 19 വീടുകൾ നിർമ്മിച്ച് നൽകിയത്. വടക്കാഞ്ചേരിയിലാകട്ടെ റെഡ് ക്രസന്റാണ് നിർമ്മാതാക്കൾ. ചാരിറ്റി സംഘടനകളാണ് ഇവ. അവരുടെയൊക്കെ രക്തം പരിശോധിക്കുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണ്. ഒരു വലിയ പദ്ധതിയ്‌ക്കെതിരെ കരിനിഴൽ വീഴുത്തുകയാണ് വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം. പാവപ്പെട്ടവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്താനേ ഇത്തരം വിവാദങ്ങൾ ഉപകരിക്കൂവെന്നും മന്ത്രി പറഞ്ഞു.

ബി. ഡി. ദേവസ്സി എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. നന്മ ചെയ്യുന്നവരെ നിരാശരാക്കാനും നിരുത്സാഹപ്പെടുത്താനുളള ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും ഇത്തരം ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

2018 ലെ പ്രളയത്തിൽ വീട് പൂർണ്ണമായും നഷ്ടമായ, പുറമ്പോക്കിൽ താമസിച്ചിരുന്ന 19 കുടുംബങ്ങൾക്കാണ് വീടിന്റെ താക്കോലുകളും പട്ടയവും കൈമാറിയത്. സർക്കാർ ഏറ്റെടുത്ത 81.6 സെന്റിൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനാണ് 5 ലക്ഷം രൂപ വീതം ചെലവിൽ 19 വീടുകൾ നിർമ്മിച്ചത്. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചുറ്റ്മതിൽ നിർമ്മിക്കാനും മേലൂർ ഗ്രാമപഞ്ചായത്ത് വക 16 ലക്ഷം രൂപ വൈദ്യുതി, വാട്ടർ കണക്ഷൻ, റോഡ് നിർമ്മാണം എന്നിവയും അനുവദിച്ചു. കിഴക്കെ ചാലക്കുടി വില്ലേജിലെ 10 കുടുംബങ്ങൾ, മേലൂർ, പടിഞ്ഞാറെ ചാലക്കുടി വില്ലേജുകളിലെ 3 വീതം കുടുംബങ്ങൾ, ആളൂർ, മറ്റത്തൂർ, വെളളിക്കുളങ്ങര വില്ലേജുകളിൽ നിന്നായി ഓരോ കുടുംബങ്ങൾ എന്നിവർക്കാണ് വീട് അനുവദിച്ചത്.

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. ഷീജു, ജില്ലാ പഞ്ചായത്തംഗം കെ. ആർ. സുമേഷ്, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ ഡയറക്ടർ ബോർഡംഗം ഡോ. ജോസഫ് സെബാസ്റ്റ്യൻ, മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി. ബാബു, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലിൻസ് ഡേവിസ് തുടങ്ങിയവർ സംബന്ധിച്ചു.