ദുരന്തമുഖങ്ങളില്‍ രക്ഷകരാവാന്‍ ജില്ലകളില്‍ പ്രത്യേക ദൗത്യസംഘം

post

ഇടുക്കി: ദുരന്തമുഖങ്ങളില്‍ ശാസ്ത്രീയവും കാര്യക്ഷമവുമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലകള്‍തോറും പ്രത്യേക ദൗത്യസംഘങ്ങളെ രൂപീകരിക്കുമെന്നും വയനാട് ജില്ലയില്‍ ദൗത്യസംഘം സജ്ജമായെന്നും മുഖ്യ വനം മേധാവി പി. കെ. കേശവന്‍ അറിയിച്ചു. ഇതിനായി വിവിധ വകുപ്പുകളും സംവിധാനങ്ങളുമായി ചേര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങാനുള്ള താല്‍പര്യം മാത്രം പരിഗണിച്ചാണ് സംഘം രൂപീകരിക്കുക. ഉദ്യേഗസ്ഥരുടെ തസ്തിക, റാങ്ക് എന്നിവ ഇതിനായി പരിഗണി്ക്കില്ല. പരിശീലനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നവരെ ടീം ലീഡറായി നിയമിക്കുമെന്നും മുഖ്യ വനം മേധാവി വ്യക്തമാക്കി.  

മൂന്ന് മാസത്തിലൊരിക്കല്‍ സഘാംഗങ്ങള്‍ക്ക് മോക്ഡ്രില്‍ ഉള്‍പ്പെടെ തുടര്‍ പരിശീലനങ്ങള്‍ നടത്തുമെന്നും ഇതില്‍ മറ്റുള്ളവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  വനത്തിനകത്തുള്ള ദുരന്തങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍  വനത്തിനു പുറത്തും ഇവരുടെ സേവനം ലഭ്യമാക്കും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ വയനാട് ജില്ലയിലെ 25 പേര്‍ക്ക് തൃശ്ശൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്    അക്കാദമിയില്‍ പരിശീലനം നല്‍കി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ പ്രളയത്തില്‍ വയനാട്ടിലെ പുത്തുമല, കുറിച്യാര്‍മല, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച ഉദ്യോഗസ്ഥര്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കിയത്. മറ്റ് ആളുകള്‍ക്കെത്തിപ്പെടാന്‍ ആവാത്തവിധം പ്രളയത്തില്‍ തകര്‍ന്ന പുത്തുമല കുറിച്യാര്‍മല പ്രദേശങ്ങളിലെ വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരന്തത്തിന്റെ തീവ്രത കുറക്കുന്നതിന് ഏറെ സഹായിച്ചു. എയര്‍ ലിഫ്റ്റിലൂടെ മാത്രം സഹായിക്കാന്‍ കഴിയുമായിരുന്നവരെപോലും ജീവന്‍ പണയം വച്ച് വനംവകുപ്പ് ഉദ്യേഗസ്ഥര്‍ രക്ഷിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ശാസ്ത്രീയവും ആധുനികവുമായ പരിശീലനം വേണമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആ ഓപ്പറേഷനില്‍ പങ്കെടുത്ത നാല് വനിതകളടങ്ങുന്ന സംഘത്തിന് പ്രത്യേക പരിശീലനം നല്‍കിയത്.  

 മലയിടിച്ചിലിലും പ്രളയത്തിലും കമാന്‍ഡോ ബ്രിഡ്ജ്, ബര്‍മാ ബ്രിഡ്ജ് തുടങ്ങിയ പ്രത്യേക പാലങ്ങള്‍ നിര്‍മ്മിച്ച് ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തുന്നതിനും, ആഴമുള്ള ജലാശയങ്ങളിലും 240 ഡിഗ്രിയിലേറെ ചൂടുള്ള അഗ്‌നി ബാധിത പ്രദേശങ്ങളിലും കുടുങ്ങി കിടക്കുന്നവരെ ആത്മരക്ഷകൂടി പരിഗണിച്ച് രക്ഷപ്പെടുത്തുന്നതിനും പരിശീലനം നല്‍കി. വിവിധ തരത്തിലുള്ള അഗ്‌നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനം, റോപ്പ് റെസ്‌ക്യൂ, സ്‌കൂബാ ഡൈവിംഗ് എന്നിവയും പരിശീലനത്തിന്‍െ ഭാഗമായി ഉദ്യോഗസ്ഥര്‍ സായത്തമാക്കിയതായി അദ്ദേഹം പറഞ്ഞു. പ്രളയമുഖത്തേക്ക് എടുത്തു ചാടുമ്പോള്‍ സഹജീവികളെ രക്ഷപ്പെടുത്തുക എന്ന ഒരൊറ്റ ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. പരിശീലനം ലഭിച്ചു കഴിഞ്ഞപ്പോള്‍ രക്ഷപ്പെടുത്തുന്നതിനൊപ്പം ആത്മരക്ഷ എങ്ങനെ ഉറപ്പാക്കാമെന്നും മനുഷ്യരെ എന്നപോലെ ആപത്തില്‍ പെടുന്ന വന്യജീവികളെയും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ലഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.