ഗോത്രവിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി പരിശീലനവുമായി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ്

പി എസ് സി പഠന രംഗത്ത് മൂന്ന് വര്‍ഷം കൊണ്ട് വിജയഗാഥ രചിച്ച ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ പരിശീലനം ഇനി മുതല്‍ ഇടുക്കി ദേവികുളത്തെ ഉന്നതികളിലെ ഉദ്യോഗാര്‍ഥികള്‍ക്കും. ചിറക് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി തികച്ചും സൗജന്യമാണ്. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ചാണ് ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 50 പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് ആറ് മാസ കാലയളവില്‍ 26 ഞായറാഴ്ചകളിലായി പരിശീലനക്ലാസും പഠനോപകരണങ്ങളും നല്‍കും. അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് പരിശീലന ക്ലാസുകള്‍ നടക്കുന്നത്. ക്ലാസുകളുടെ സുഗമമായ നടത്തിപ്പിനായാണ് പരിശീലനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നത്.
കരിയര്‍, മത്സരപരീക്ഷാ പരിശീലന മേഖലയിലെ വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഞായറാഴ്ചകളിലല്‍ രാവിലെ 10 മുതല്‍ മൂന്നു വരെ ആയിരിക്കും ക്ലാസുകള്‍. ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ പി.എസ്.സി പരിശീലനത്തിലൂടെ മൂന്ന് വര്‍ഷത്തിനിടെ എട്ട് ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ലഭിച്ചു.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എ രാജ എം എല്‍ എ പദ്ധതി ഉദ്ഘാടനം ചെയ്തു.
സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് നടത്തി വരുന്ന പി.എസ്.സി പരിശീലനക്ലാസുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്നുണ്ടെന്നും അതിന്റെ തെളിവാണ് ഈ പ്രാവശ്യം എട്ട് പേര്‍ക്ക് ജോലി ലഭിച്ചതെന്നും എ.രാജ എംഎല്‍എ പറഞ്ഞു. നമുക്ക് ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ജോലി നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും എംഎല്‍എ പറഞ്ഞു.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിമുക്തി മിഷന്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ഹരികുമാര്‍ പി.എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ്കുമാര്‍. ഡി, ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് സി ഇ ഒ ബൈജു. ബി, അടിമാലി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. ഡി ഷാജി, സംസ്ഥാന എ കെ എസ് കമ്മിറ്റി മെമ്പര്‍ എം. ആര്‍ ദീപു, വിവിധ ജനമൈത്രി എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്: 9656197473