ആശുപത്രി, സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന പൂര്‍ത്തിയാക്കണമെന്ന് നിർദ്ദേശം

ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വികസന സമിതി യോഗം ചേർന്നു.
ജില്ലയിലെ ആശുപത്രികള്‍, സ്‌കൂളുകള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.വിഗ്‌നേശ്വരി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
റോഡ് അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൊച്ചി - ധനുഷ്‌കോടി ദേശിയ പാതയില്‍ വാളറ, കോട്ടയം-കുമളി റോഡില്‍ വണ്ടിപ്പെരിയാര്‍, കുട്ടിക്കാനം, പെരുവന്താനം എന്നിവിടങ്ങളില്‍ ഐസിയു ആംബുലന്‍സ് സേവനം ഒരുക്കാനും, അപകടങ്ങളില്‍ പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനും ആരോഗ്യ വകുപ്പിന് വികസന സമിതി യോഗം നിര്‍ദേശം നല്‍കി. വിഷയവുമായി ബന്ധപ്പെട്ട് 108 ആംബുലന്‍സ് ലൊക്കേഷന്‍ പുന:ക്രമീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇടമലക്കുടിയില്‍ കേബിള്‍ വഴി മണ്ണിനടിയിലൂടെ വൈദ്യുതി ലൈന്‍ എത്തിക്കാനുള്ള നടപടി അടിയന്തരമായി ആരംഭിക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കി. ഇതിന് ആവശ്യമായ സൗകര്യം ഒരുക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോട് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉദുമല്‍പേട്ടയില്‍ തമിഴ്‌നാട് വനംവകുപ്പ് ചെക്ക് പോസ്റ്റ് നിര്‍മ്മിച്ച് അനധികൃതമായി ടോള്‍ ഈടാക്കുന്നു എന്ന പരാതിയില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട് വനം അധികൃതരുമായി ചര്‍ച്ച നടത്തും.
കാഞ്ഞാര്‍ വാഗമണ്‍ റോഡില്‍ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കഞ്ഞിക്കുഴിയില്‍ അപകടാവസ്ഥയില്‍ നിലകൊള്ളുന്ന ജലസംഭരണി സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം.പി നിര്‍ദേശിച്ചു. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വവ്വാലുകള്‍ കൂടുതല്‍ ആയി കാണപ്പെടുന്ന സ്ഥലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മൃഗസംരക്ഷണ, ആരോഗ്യ വകുപ്പുകളോട് കളക്ടര്‍ ആവശ്യപ്പെട്ടു.
വനം, പൊതുമരാമത്ത് വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ജില്ലാ വികസന സമിതിയില്‍ ഉയര്‍ന്ന് വന്നു. പരാതികളില്‍ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.