അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി: ഇടുക്കിയിൽ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 11 ഉന്നതികൾ

post

25 ഉന്നതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി ഫണ്ട് വഴി ജില്ലയില്‍ പൂര്‍ത്തിയായത് 11 ഉന്നതികള്‍. 2016 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തിലാണ് 10.51 കോടി (10,51,01,558) രൂപ ചിലവഴിച്ച് ഈ ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ദേവികുളം നിയോജക മണ്ഡലത്തില്‍ ആറ്, ഉടുമ്പന്‍ചോല രണ്ട്, പീരുമേട്, ഇടുക്കി, തൊടുപുഴ നിയോജകമണ്ഡലങ്ങളില്‍ ഒന്ന് വീതവും ഉന്നതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ജില്ലയില്‍ 25 ഉന്നതികളുടെ നവീകരണ-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 25 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 

അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പീരുമേട് നിയോജക മണ്ഡലത്തില്‍ കുമളി ഗ്രാമപഞ്ചായത്തില്‍ മന്നാക്കുടി-പളിയക്കുടി ഉന്നതികളിലെ വിവിധ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചു. പദ്ധതിയുടെ ഭാഗമായി ലൈബ്രറി ഹാള്‍, സ്റ്റഡി ഹാള്‍, ഫെന്‍സിംഗ്, വേസ്റ്റ് ബിന്‍ സ്ഥാപിക്കല്‍, കുടിവെള്ള പദ്ധതി എന്നിവ പൂര്‍ത്തികരിച്ചു. കൂടാതെ ഇലക്ട്രിഫിക്കേഷന്‍, പ്ലംബിഗ് എന്നിവയും പൂര്‍ത്തിയാക്കി. ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മന്നാക്കുടി-പളയക്കുടിയില്‍ നടപ്പാക്കിയത്.

തൊടുപുഴ നിയോജക മണ്ഡലത്തിലെ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ തടിയനാല്‍ ഉന്നതിയില്‍ കമ്യൂണിറ്റിഹാള്‍ നവീകരണം, കിണര്‍ നിര്‍മ്മാണം, വാട്ടര്‍ ടാങ്ക്, വാട്ടര്‍ സപ്ലൈ സിസ്റ്റം എന്നീ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചു. 51 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവായത്. 

ഇടുക്കി നിയോജക മണ്ഡലത്തിലെ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചുരുളി ഉന്നതിയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കമ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, സൈറ്റ് ഡവലപ്മെന്റ്, റോഡ് നിര്‍മ്മാണം, ഇലക്ട്രിഫിക്കേഷന്‍ എന്നിവ പൂര്‍ത്തികരിച്ചു. ഒരു കോടി രൂപയാണ് പദ്ധതിയുടെ പൂര്‍ത്തികരണത്തിനായി ചെലവായത്. 

ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ രണ്ട് ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ ആടുവിളന്താന്‍, പന്തടിക്കളം ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഉന്നതികളില്‍ നടപ്പാക്കിയിട്ടുള്ളത്.

 ദേവികുളം നിയോജക മണ്ഡലത്തില്‍ ആറ് ഉന്നതികളിലെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. മാങ്കുളം ഗ്രാമപഞ്ചായത്തില്‍ സിങ്കുകുടി, കോഴിയളക്കുടി ഉന്നതികള്‍, അടിമാലി ഗ്രാമപഞ്ചായത്തില്‍ അഞ്ചാംമൈല്‍, കട്ടമുടി ഉന്നതികള്‍, മറയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൂടല്ലാര്‍കുടി, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ചമ്പക്കാട് ഉന്നതികളിലെ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. 

ജില്ലയില്‍ 25 ഉന്നതികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദേവികുളം നിയോജക മണ്ഡലത്തില്‍ മറയൂര്‍,അടിമാലി,മാങ്കുളം,കാന്തല്ലൂര്‍, ദേവികുളം ഗ്രാമപഞ്ചായത്തുകളിലായി 13 ഉന്നതികളും, ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നാല്, ഇടുക്കി, പീരുമേട് മണ്ഡലങ്ങളില്‍ മൂന്ന് വീതവും തൊടുപുഴയില്‍ രണ്ടും ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഓരോ ഉന്നതികള്‍ക്കും ഒരു കോടി രൂപ വീതം 25 ഉന്നതികളിലായി 25 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കുന്നത്.

ദേവികുളം നിയോജക മണ്ഡലത്തില്‍ മറയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏഴ് ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നെല്ലിപ്പെട്ടി, കമ്മാളംകുടി, ഈച്ചാംപെട്ടി, ചെമ്പട്ടി, ഇരുട്ടളകുടി, ചെറുവാട്, കുത്തുകല്‍കുടി എന്നീ ഉന്നതികളിലാണ് മറയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. അടിമാലി ഗ്രാമപഞ്ചായത്തില്‍ കൊച്ച്കൊടകല്ല്, തലനിരപ്പന്‍, തലമാലി ഉന്നതികളിലും മാങ്കുളം ഗ്രാമപഞ്ചായത്തിലെ വേലിയംപാറക്കുടി, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പാളപ്പെട്ടി, ദേവികുളം ഗ്രാമപഞ്ചായത്തിലെ സാന്റോസ്‌കുടി ഉന്നതികളിലെ വികസന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ തിങ്കള്‍ക്കാട്, ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ എസ്റ്റേറ്റ് പൂപ്പാറ, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ നാലുമുക്ക് വലിയതോവാള, രാജകുമാരി ഗ്രാമപഞ്ചായത്തിലെ മുതുവാക്കുടി ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 

ഇടുക്കി നിയോജക മണ്ഡലത്തില്‍ അറക്കുളം ഗ്രാമപഞ്ചായത്തിലെ വലിയമാവ്, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ അടൂര്‍മല, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ കോടാലിപ്പാറ ഉന്നതികളിലെയും വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.   

പീരുമേട് നിയോജകമണ്ഡലത്തില്‍ പീരുമേട് ഗ്രാമപഞ്ചായത്തില്‍ വഞ്ചിവയല്‍, ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ മേമാരി, കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ കുറ്റിപ്ലാങ്ങാട് ഉന്നതികളും വികസനത്തിന്റെ പാതയിലാണ്. 

തൊടുപുഴ നിയോജക മണ്ഡലത്തില്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ പട്ടയക്കൂടി, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കള്ളിക്കല്‍ ഉന്നതികളിലും വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി

പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയില്‍ ഫണ്ട് നല്‍കുന്നത്.

ജനവാസ കേന്ദ്രത്തിനുള്ളിലെ റോഡ്, നടപ്പാത, ഡ്രെയിനേജ് സൗകര്യങ്ങള്‍, ശുചിത്വം, കുടിവെള്ള വിതരണം - എല്ലാ വീട്ടിലും ഗാര്‍ഹിക കണക്ഷന്‍ നല്‍കി കുടിവെള്ള വിതരണം (ജല്‍ ജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികള്‍ ഉള്ളിടത്ത് ഈ ഘടകം ഒഴിവാക്കണം), സോളാര്‍ ലൈറ്റുകള്‍/മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സൗകര്യങ്ങള്‍, വിവിധ വിദ്യാഭ്യാസ പദ്ധതികള്‍, ജനവാസ കേന്ദ്രത്തിനുള്ളിലെ ഖര, ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, വീടുകളുടെ നവീകരണം, ടോയ്‌ലറ്റ് നിര്‍മ്മാണം, കമ്മ്യൂണിറ്റി സെന്ററുകളുടെയും കമ്മ്യൂണിറ്റി പഠന കേന്ദ്രങ്ങളുടെയും നിര്‍മ്മാണം/പരിപാലനം, സെറ്റില്‍മെന്റിനുള്ളിലെ പൊതു ആസ്തികളുടെ പരിപാലനം, പൊതു സൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ (കളിസ്ഥലം, കാവ്, കുളം, ശ്മശാന സ്ഥലങ്ങള്‍ ഉള്‍പ്പെടെ) മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണം. കിണര്‍ നിര്‍മ്മാണം/ നവീകരണം, ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഗോത്രങ്ങളുടെ പുനരധിവാസം,കുടില്‍ വ്യവസായങ്ങള്‍, സാംസ്‌കാരിക കേന്ദ്രത്തിന്റെയും ലൈബ്രറിയുടെയും നിര്‍മ്മാണവും സജ്ജീകരണവും തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഉന്നതികളുടെ വികസനം ലക്ഷ്യം വച്ചാണ് അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി നടപ്പാക്കുന്നത്. ഉന്നതികളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയില്‍ പരമാവധി 1 കോടി രൂപയാണ് അനുവദിക്കുന്നത്.