കെ ഫോര്‍ കെ കായികോത്സവം: പാസ് വിതരണത്തിന് തുടക്കം

post

കൊല്ലം:  ജില്ലാ ഭരണകൂടവും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കെ ഫോര്‍ കെ(കൊല്ലം ഫോര്‍ കേരളം) കായികോത്സവം  സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനം സമാഹരിക്കുന്നതിനുള്ള കബഡി-വോളിബോള്‍ ദേശീയ ടൂര്‍ണമെന്റിന്റെ പാസ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കേരളത്തിന്റെ കായിക കലവറയായിരുന്ന കൊല്ലം ഒളിമ്പ്യന്‍മാരെ വരെ സംഭാവന ചെയ്ത നാടാണ്. ഇടക്കാലത്ത് നഷ്ടപ്പെട്ടുപോയ കൊല്ലത്തിന്റെ കായിക ഉണര്‍വ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് കെ ഫോര്‍ കെ യെന്ന് മേഴ്സിക്കുട്ടന്‍ പറഞ്ഞു.  ജില്ലയില്‍ സിന്തറ്റിക് ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് സ്ഥാപിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പദ്ധതി തയ്യാറാക്കുകയാണ്. 14 ജില്ലകളിലെയും കുട്ടികള്‍ക്കായി കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റല്‍ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കെ ഫോര്‍ കെ ടൂര്‍ണമെന്റ് കൂടാതെ ബീച്ച് ഗെയിംസ്, വള്ളം കളി തുടങ്ങി നിരവധി കായിക മത്സരങ്ങളാണ് നവംബറില്‍ ജില്ലയില്‍ നടക്കുകയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന എന്ന നിലയില്‍ പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ താലൂക്ക് തഹസീല്‍ദാര്‍മാര്‍, ജില്ലാ വകുപ്പ് മേധാവികള്‍, കലക്ട്രേറ്റിലെ ഫിനാന്‍സ് വിഭാഗം, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. 

മത്സരം നടക്കുന്ന ദിവസങ്ങളില്‍ സ്റ്റേഡിയത്തിലെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ സജ്ജീകരിച്ച കൗണ്ടറില്‍ പണം അടച്ചും ഗേറ്റ് പാസുകള്‍ സ്വന്തമാക്കാം. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ദേശിംഗനാട് സ്‌കാന്‍സ് എംഡി എ.കെ. അല്‍താഫ് ആദ്യ പാസ് ഏറ്റുവാങ്ങി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, വൈസ് പ്രസിഡന്റ് കെ രാമഭദ്രന്‍, കെ രാധാകൃഷ്ണന്‍, ഡി ചന്തു, ടി ജെയിംസ്, പ്രതാപന്‍, സ്പോര്‍ട്സ് കൗണ്‍സില്‍, സായി വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.