കരുവാറ്റ പഞ്ചായത്തില്‍ ജനകീയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍

post

ആലപ്പുഴ : നിസാര ചെലവില്‍ ജനകീയ പങ്കാളിത്തത്തോടെ കരുവാറ്റ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍. 50 കിടക്കകളോടെയാണ് കുമാരപുരം ഗവ. എല്‍. പി സ്‌കൂളില്‍ സി. എഫ്. എല്‍. റ്റി. സി സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന സെന്ററില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം സാമൂഹിക അകലം പാലിച്ചുള്ള വാര്‍ഡുകളാണ് ഒരുക്കിയിട്ടുള്ളത്. ഇരുനിലകളിലായുള്ള വാര്‍ഡുകളില്‍ ടി.വി. സൗകര്യം, , വായനമുറി, കൈകഴുകാനുള്ള സംവിധാനം, കൗണ്‍സിലിംഗ് ലഭ്യമാക്കാന്‍ സ്പീക്കറുകള്‍, സൗജന്യ വൈഫൈ, കൂടാതെ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കു പ്രത്യേകം സുരക്ഷിതമായ കുളിമുറികള്‍ സ്ഥാപിക്കുകയും അവിടെ നിന്നുള്ള മാലിന്യം പുറത്തേക്ക് ഒഴുകി മലിനമാകാതിരിക്കാന്‍ പ്രത്യേകം സോക്പിറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. മാലിന്യങ്ങള്‍ തരം തിരിച്ചു സംസ്‌കരിക്കാന്‍ പ്രത്യേക ബിന്നുകളും ഒരുക്കിയിട്ടുണ്ട്. ഫ്രണ്ടോഫീസ് സംവിധാനം , കണ്‍സള്‍ട്ടിംഗ്‌റും ഒബ്‌സര്‍വേഷന്‍ റും നഴ്‌സസ് റും, ഫാര്‍മസി , ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഡ്രസ്സ്‌ചെയ്ഞ്ചിംഗ് റൂം , വിശ്രമമുറി, കോവിഡ് ഹെല്‍പ്പ് ലൈന്‍ സെന്റര്‍, ടെലി മെഡിസിന്‍ സൗകര്യം, സി. എഫ്. എല്‍. റ്റി. സി മാനേജ്‌മെന്റ് കമ്മിറ്റി റൂം എന്നീ സൗകര്യങ്ങളും സെന്ററില്‍ സജ്ജമാണ്. കൂടാതെ ഡാറ്റാ എന്‍ട്രി ,ഇന്റര്‍നെറ്റ് സൗകര്യം, കേബിള്‍ കണക്ഷന്‍, കുടിവെള്ളം, സംഭാവനയിലൂടെ ലഭിച്ച ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയും കരുവാറ്റ പഞ്ചായത്തിലെ ജനകീയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രത്യേകതകളാണ്. സന്നദ്ധ സേനയായ ആര്‍. ആര്‍. റ്റി യുടെ സഹായത്തോടെ സി. എഫ്. എല്‍. റ്റി. സി പെയിന്റ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. 6 മുറികളിലും 1 ഹാളിലുമായി സജ്ജീകരിച്ചിരിക്കുന്ന 50 കിടക്കകള്‍ കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. ലൈറ്റുകളും, വായുലഭ്യത ഉറപ്പാക്കിക്കൊണ്ട് ഫാനുകളും സ്ഥാപിച്ചു കഴിഞ്ഞു. ശുചീകരണ തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കിക്കൊണ്ട് അവരുടെ സേവനം സെന്ററിനായി ഉറപ്പ് വരുത്തിയിട്ടുണ്ട്. ഹോസ്പിറ്റലിനാവശ്യമായ സൂചകങ്ങളും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുജാത അറിയിച്ചു.

കാര്‍ത്തികപ്പള്ളിയില്‍ 100 കിടക്കകളോടെ ഫസ്റ്റ് ലൈന്‍  ട്രീറ്റ്‌മെന്റ് സെന്റര്‍

ആലപ്പുുഴ : കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ 100 കിടക്കകളോടെ കാര്‍ത്തികപ്പള്ളി ട്രിനിറ്റി സ്‌കൂളില്‍ സജ്ജീകരിച്ചിരിക്കുന്നു. താലൂക്ക് ഹോസ്പിറ്റലിന് സമാനമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്ന സെന്ററില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകമാണ് വാര്‍ഡുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. 55 കിടക്കകള്‍ പുരുഷന്‍മാര്‍ക്കും 45 കിടക്കകള്‍ സ്ത്രീകള്‍ക്കും സുരക്ഷിതമായും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചും ക്രമീകരിച്ചിട്ടുണ്ട്.. 10 രോഗികള്‍ക്ക് ഒന്ന് എന്ന ക്രമത്തില്‍ ശ്രുചിമുറികളും ഹാന്‍ഡ് വാഷിംഗ് സംവിധാനവും സ്ഥാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കു പ്രത്യേകം സുരക്ഷിതമായ കുളിമുറികളാണുള്ളത്. കുളിമുറിയില്‍ നിന്നുള്ള മാലിന്യം പുറത്തേക്ക് ഒഴുകി മലിനമാകാതിരിക്കാന്‍ പ്രത്യേകം സോക്പിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യപൈപ്പുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ശുദ്ധജലടാങ്കുകള്‍ വൃത്തിയാക്കി ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ച വിധം ഫ്രണ്ടോഫീസ് സംവിധാനം , കണ്‍സള്‍ട്ടിംഗ്‌റും ഒബ്‌സര്‍വേഷന്‍ റും, നഴ്‌സ് റും ഫാര്‍മസി , ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഡ്രസ്സ്‌ചെയ്ഞ്ചിംഗ്‌റും വിശ്രമമുറി എന്നിവയ്ക്ക് പുറമെ ഇവര്‍ക്കാവശ്യമായ പ്രത്യേക ടോയ്‌ലറ്റ് സംവിധാനവും ക്രമീകരിച്ചു. 20 മുറികളിലായി സജ്ജീകരിച്ചിരിക്കുന്ന,(ഓരോ മുറിയിലും 7 കിടക്കകള്‍)ബെഡുകള്‍ ഉയര്‍ന്ന നിലവാരം കൈവരിക്കാന്‍ പരമാവധി ശ്രമിച്ചിരിക്കുന്നു. ആവശ്യത്തിന് പ്രകാശം ലഭിക്കാന്‍വിധം ലൈറ്റുകളും വായുലഭ്യത ഉറപ്പാക്കി ഫാനുകളും സ്ഥാപിച്ചു കഴിഞ്ഞു.