വ്യാപാരോല്‍സവം : അദ്യ നറുക്കെടുപ്പ് നടത്തി

post

കൊല്ലം : ബീച്ച് ഗെയിംസിന്റെ  ഭാഗമായി സംഘടിപ്പിച്ച കൊല്ലം വ്യാപാരോത്സവം 2020 യുടെ ആദ്യ നറുക്കെടുപ്പിന്റെ  ഉദ്ഘാടനം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍  നിര്‍വഹിച്ചു. പൊതുയിടങ്ങളില്‍ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ബീച്ച് ഗെയിംസ്, കൊല്ലം കാര്‍ണിവല്‍, വ്യാപാരോത്സവം എന്നിവ  സംഘടിപ്പിച്ചിരിക്കുന്നത്. പൊതു സമൂഹത്തിനും വ്യാപാരി - വ്യവസായി സമൂഹത്തിനും വ്യാപാരോത്സവം മുതല്‍ക്കൂട്ടാകുമെന്നും  അദ്ദേഹം പറഞ്ഞു.വ്യാപാരി - വ്യവസായി ഏകോപനസമിതിയുടെ രാമന്‍കുളങ്ങര യൂണിറ്റില്‍ നിന്ന് വിതരണം ചെയ്ത 021063 നമ്പര്‍ കൂപ്പണിന് ഒന്നാം സമ്മാനമായി റെഡ്മി മൊബൈല്‍ ഫോണ്‍ ലഭിച്ചു. രണ്ടാം സമ്മാനമായി കേരള ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ വിതരണം ചെയ്ത 010202 കൂപ്പണിന്  പ്രസ്റ്റീജിന്റെ മിക്‌സര്‍ ഗ്രൈന്‍ഡറും കൂടാതെ  ഇവിടെ നിന്ന് തന്നെ വിതരണം ചെയ്ത കൂപ്പണിന്   മൂന്നാം സമ്മാനമായ ഡിന്നര്‍ സെറ്റും ലഭിച്ചു . ആഴ്ച നറുക്കെടുപ്പിലൂടെ 10 പേര്‍ക്കാണ് ആകര്‍ഷകമായ  സമ്മാനം നല്‍കുന്നത് . നറുക്കെടുപ്പിലെ വിജയികള്‍ക്ക് ജനുവരി ഏഴിന് പള്ളിമുക്കില്‍ നടക്കുന്ന രണ്ടാമത്തെ നറുക്കെടുപ്പില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ജില്ലാ ഭരണകൂടം , ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍,  ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഫിഷറീസ് വകുപ്പ്, വ്യാപാരി -വ്യവസായി  സമൂഹം എന്നിവയുടെ  സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ബീച്ച് ഗെയിംസിന്റെ ഭാഗമായാണ് വ്യാപാരോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
കരിക്കോട് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ വ്യാപാരോത്സവം കണ്‍വീനര്‍ കൂടിയായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് അധ്യക്ഷത വഹിച്ചു. എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍,  വ്യാപാരോത്സവം ചെയര്‍മാന്‍ എസ് ദേവരാജന്‍, വ്യാപാരി- വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ബി രാജീവ്,  കെ വി വി ഇ എസ് കരിക്കോട് യൂണിറ്റ് പ്രസിഡന്റ് എന്‍ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.