നൂതന ആശയങ്ങള്‍ മുന്നോട്ട് വെച്ച് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു

post

തിരുവനന്തപുരം: പുത്തന്‍ ആശയങ്ങളും നിര്‍ദേശങ്ങളും ഇന്ത്യന്‍ ശാസ്ത്ര ലോകത്തിന് സമ്മാനിച്ച് 27-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 658 യുവശാസ്ത്ര പ്രതിഭകളാണ് അഞ്ച് ദിവസം നീണ്ടുനിന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്തത്.

നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന്‍ ഉദ്ഘാടനം ചെയ്തു. യുവ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ അഭിനന്ദിച്ച അദ്ദേഹം, സ്വയം അഭിമാനിക്കാനും അതുവഴി മാതാപിതാക്കളെയും അധ്യാപകരുടെയും അഭിമാനമായി മാറാനും കുട്ടികളോട് നിര്‍ദേശിച്ചു. സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. പി. സുധീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഓരോ സംസ്ഥാനങ്ങളിലെയും പ്രതിനിധീകരിച്ചെത്തിയ സംഘങ്ങളിലെ യുവ ശാസ്ത്ര പ്രതിഭയും അധ്യാപകരും സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍മാരും ഫലകവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

'ശാസ്ത്രം-സുസ്ഥിര ജീവിതത്തിന്' എന്നത് അടുത്ത ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ വിഷയമായി തെരഞ്ഞെടുത്തു. പ്രകൃതിയും സമൂഹവും സാങ്കേതിക വിദ്യയും ഉള്‍പ്പെടുത്തിയുള്ള വികസനം ജീവിതം മെച്ചപ്പെടാനുള്ള വഴിയാകണമെന്ന് ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ദേശീയ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സുജിത്ത് ബാനര്‍ജി പറഞ്ഞു. കെ.എസ്.സി.എസ്.ടി.ഇ. മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ്കുമാര്‍, മാര്‍ബസേലിയേസ് എഞ്ചിനിയറിംഗ് പ്രിന്‍സിപ്പള്‍ പ്രൊഫ. ടി. എം. ജോര്‍ജ്, ടി. പി. രഘുനാഥ്, എന്‍.സി.എസ്.സി. ചെയര്‍മാന്‍ ഡോ. ടി. പി. രഘുനാഥ്, കണ്‍വീനര്‍ ഡോ. പി. ഹരിനാരായണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 1,200 ഓളം പ്രതിനിധികള്‍ ശാസ്ത്ര കോണ്‍ഗ്രില്‍ പങ്കെടുത്തു. 

സംസ്ഥാനതലത്തില്‍ വിജയികളായ കുട്ടികളാണ് കേരളം ആദ്യമായി ആതിഥേയം വഹിച്ച ബാലശാസ്ത്ര കോണ്‍ഗ്രസിനെത്തിയത്. 12 വേദികളില്‍ ഓരേ സമയം നടന്ന ടെക്നിക്കല്‍ സെക്ഷനുകളില്‍ യുവ പ്രതിഭകള്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു. രാജ്യത്തിന്റെ ഭാവി തങ്ങളുടെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിക്കുന്നതായിരുന്നു ഓരോ പ്രബന്ധങ്ങളും. കുട്ടികള്‍ക്ക് മാതൃഭാഷയില്‍ പേപ്പറുകള്‍ അവതരിപ്പിച്ചുവെന്നതായിരുന്നു ഈ വര്‍ഷത്തെ കോണ്‍ഗ്രസിന്റെ പ്രത്യേക. കുട്ടികള്‍ക്കൊപ്പമെത്തിയ അധ്യാപകര്‍ക്കായി ശില്‍പശാലയും  സംഘടിപ്പിച്ചിരുന്നു. സയന്‍സ് ആക്ടിവിറ്റി കോര്‍ണര്‍, ശാസ്ത്ര പ്രദര്‍ശനം എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണി മുതല്‍ ഏഴു വരെ മീറ്റ് ദ സയന്റിസ്റ്റ് പരിപാടിയും നടന്നു.

ബംഗളൂരു ഐ.എസ്.ആര്‍.ഒ. ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍, ഡി.ആര്‍.ഡി.ഒ. എയ്റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ. ടെസി തോമസ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ഈസ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുന്‍ എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് ഡോ. എം. സി. ദത്തന്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ കുരുന്ന് പ്രതിഭകളുമായി സംവദിക്കാനെത്തി.