മത്സ്യവിപണനം: നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍

post

തൃശൂര്‍ : മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനുളള നിയന്ത്രണങ്ങള്‍ നീക്കിയാലും കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജില്ലയിലെ മത്സ്യബന്ധനത്തിനും വിപണനത്തിനും ഏര്‍പ്പെടുത്തിയിട്ടുളള കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് വ്യക്തമാക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.

മറ്റുജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുളള മത്സ്യബന്ധനയാനങ്ങള്‍ക്ക് ജില്ലയിലേക്ക് പ്രവേശനം അനുവദിക്കില്ല. മത്സ്യബന്ധത്തിനായി കടലില്‍ പോകുന്നവരുടെയും മത്സ്യകച്ചവടക്കാരുടെയും പട്ടിക തയ്യാറാക്കി അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫിഷിങ്ങ് ഹാര്‍ബറുകളില്‍ ഫിഷറീസ്, മത്സ്യഫെഡ്, ആരോഗ്യവകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. മത്സ്യലേലത്തിനുളള നിരോധനം തുടരും. ഹാര്‍ബറുകളില്‍ നിന്നും ഫിഷ് ലാന്‍ഡിങ്ങ് സെന്ററുകളില്‍ നിന്നും മത്സ്യം വാങ്ങുന്നതിന് ചെറുകിട കച്ചവടക്കാര്‍ക്കുളള നിയന്ത്രണം തുടരും. വഴിയോര കച്ചവടം അനുവദിക്കില്ല. ജില്ലാ കടന്നുളള മത്സ്യവ്യാപാരത്തിനുളള നിരോധനവും തുടരും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന യാനങ്ങള്‍ പിടിച്ചെടുക്കുകയും സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. മലപ്പുറം, പട്ടാമ്പി തുടങ്ങി ജില്ലയ്ക്ക് സമീപമുളള കേന്ദ്രങ്ങളില്‍ നിന്ന് മത്സ്യവിപണനത്തിനായി എത്തുന്നത് തടയാന്‍ അതിര്‍ത്തി റോഡുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.