കുന്നംകുളത്ത് സ്ത്രീകളുടെ കൂട്ടായ്മയില്‍ മാതൃകാ മാലിന്യ സംസ്‌കരണ കേന്ദ്രം

post

തൃശൂര്‍ : കുന്നംകുളം നഗരസഭ കുറുക്കന്‍പാറ ഗ്രീന്‍ പാര്‍ക്ക് മാലിന്യ സംസ്‌കരണ സമുച്ചയം ഉദ്ഘാടനത്തിന് സജ്ജമായതോടെ ഇവിടെ ജോലിയെടുക്കുന്ന സ്ത്രീ കൂട്ടായ്മയ്ക്ക് അഭിമാനിയ്ക്കാന്‍ ഒട്ടേറെ. നാലുവര്‍ഷമായി 80 വനിതകളുടെ നേതൃത്വത്തിലാണ് മാലിന്യ ശേഖരണത്തിലും സംസ്‌കരണത്തിലും വളം ഉല്‍പാദനത്തിലുമായി നഗരസഭ പുത്തന്‍ മാതൃക സൃഷ്ടിച്ചത്. ഇവിടെയുള്ള ജൈവ  അജൈവ മാലിന്യ ശേഖരണം, സംസ്‌കരണം, വള ഉല്‍പാദന യൂണിറ്റ്, ചകിരി സംസ്‌കരണ യൂണിറ്റ് എന്നിങ്ങനെയുള്ള സംരംഭങ്ങളില്‍ വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വനിതകള്‍ക്കാണ് ഇതിലൂടെ നഗരസഭ വഴികാട്ടിയായത്.

കുറുക്കന്‍പാറയിലെ ഈ ഗ്രീന്‍പാര്‍ക്കില്‍ ജൈവവള ഉല്‍പാദന കേന്ദ്രം, പ്ലാസ്റ്റിക് പെല്ലറ്റൈസിങ് യൂണിറ്റ്, മെറ്റീരിയല്‍ റിക്കവറി സെന്റര്‍, ചകിരി ഡിഫൈബറിങ് യൂണിറ്റ്, വാഴ വൈവിധ്യ തോട്ടം, പച്ചക്കറി തോട്ടം എന്നിവയാണ് ഉള്ളത്.

മാലിന്യ ശേഖരണത്തിനും ജൈവ വള ഉല്‍പാദനത്തിനും ചകിരി സംസ്‌കരണത്തിനുമായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ജൈവവള ഉല്‍പാദനകേന്ദ്രത്തില്‍ സമത എന്ന പേരില്‍ ആറ് വനിതകളും ജൈവ  അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും കടകളില്‍ നിന്നും ശേഖരിച്ച് എത്തിച്ച് റീസൈക്കിള്‍ ചെയ്ത് വേര്‍തിരിക്കാന്‍ 58 പേരടങ്ങുന്ന ഹരിത കര്‍മസേനയുമാണുള്ളത്. ഇതോടൊപ്പം പ്രവര്‍ത്തിക്കുന്ന ചകിരി സംസ്‌കരണ കേന്ദ്രത്തിലും ആറ് വനിതകളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ജൈവ  അജൈവ വളം ഉല്‍പാദന കേന്ദ്രം, ചകിരി സംസ്‌കരണ കേന്ദ്രം എന്നിവയെ കൂടാതെ പച്ചക്കറി, വാഴക്കൃഷി എന്നിങ്ങനെയും കുന്നംകുളത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പ്രത്യേകതകളാണ്. ഇവിടെ നിന്നും പച്ചക്കറിതൈകള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള ഒരുക്കങ്ങളും വനിതകള്‍ ആരംഭിച്ചിട്ടുണ്ട്.

2016 ഒക്ടോബര്‍ ആറിനാണ് നിലവിലെ ഭരണസമിതിയുടെ നേതൃത്വത്തില്‍ കുറുക്കന്‍പാറയില്‍ ഗ്രീന്‍ പാര്‍ക്ക് മാലിന്യ സംസ്‌കരണ  ജൈവ വള ഉല്‍പാദന കേന്ദ്രം എന്ന ആശയം രൂപപ്പെടുത്തിയത്. ദുര്‍ഗന്ധമില്ലാതെ മാലിന്യം സംസ്‌കരിക്കാനും അതിലൂടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനുമാണ് ഇതിലൂടെ പദ്ധതിയിട്ടത്. മലിനജലം, അഴുക്ക് എന്നിവയെ അപ്പാടെ ഇല്ലാതാക്കി ജൈവവളം ഉല്‍പാദിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഐ ആര്‍ ടി സി പാലക്കാട് സെന്ററിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. ഐ ആര്‍ ടി സി മേഖലാ കോര്‍ഡിനേറ്റര്‍ മനോജിന്റെ നേതൃത്വത്തിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.

വളരെ നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതിലൂടെ ഇവിടുത്തെ വിവിധ വനിതാസംഘങ്ങള്‍ക്ക് മാസത്തില്‍ മികച്ച വരുമാനം ഉണ്ടാക്കാനും സാധിക്കുന്നു. വളം ഉല്‍പാദന സംഘത്തിലെ ഒരാള്‍ക്ക് പ്രതിമാസം 13750 രൂപയും, ചകിരി സംസ്‌കരണ യൂണിറ്റിലെ അംഗങ്ങള്‍ക്ക് 12,000 രൂപയും സമ്പാദിക്കാനാവുന്നുണ്ട്. മാലിന്യ ശേഖരണം നടത്തുന്ന ഹരിതകര്‍മസേനയ്ക്ക് വീടൊന്നിന് 60 രൂപയാണ് ലഭിക്കുന്നത്. അജൈവ മാലിന്യങ്ങള്‍ മാസത്തിലൊരിക്കല്‍ വീടുകളില്‍ നിന്നും ആഴ്ച്ചയിലൊരിക്കല്‍ കടകളിലും നിന്നും ശേഖരിച്ച് ശാസ്ത്രീയമായി വേര്‍തിരിച്ച് സൈക്കിളിങ് കമ്പനികളിലേയ്ക്ക് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. 9000 രൂപയോളം ഇതില്‍ നിന്നും ഈ സംഘങ്ങള്‍ വരുമാനം നേടുന്നു.

മികച്ച രീതിയിലാണ് ഇവിടെ നിന്നും വളം ഉല്‍പാദിപ്പിക്കുന്നത്. മാലിന്യങ്ങള്‍ വേര്‍തിരിച്ച് വളമാക്കി മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലേക്ക് പരിശോധനയ്ക്ക് അയക്കും. തുടര്‍ന്നാണ് വിപണനത്തിനു തയ്യാറാക്കുന്നത്. നിലവില്‍ കോഴി മാലിന്യം ശേഖരിച്ച് ഒട്ടും ദുര്‍ഗന്ധമില്ലാതെ വളമാക്കുന്ന പ്രക്രിയയും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ചകിരി ശേഖരിച്ച് ചകിരിപ്പൊടി ഉല്‍പാദനവും വിപണനവും നടത്തുന്ന രീതി ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രത്യേക താല്‍പര്യത്തിലാണ് ഇവിടെ ആരംഭിച്ചത്. അതിലേക്കുള്ള ഉപകരണങ്ങള്‍ കയര്‍ഫെഡ് വഴിയാണ് ധനമന്ത്രി അനുവദിച്ചത്.

ഗ്രീന്‍ പാര്‍ക്കില്‍ ഇരുപതോളം വ്യത്യസ്ത ഇന വാഴത്തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പച്ചക്കറി കൃഷിയും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വനിതകള്‍. ഇതിന്റെ ഭാഗമായി പച്ചക്കറിത്തൈ ഉല്‍പാദന, വിപണന കേന്ദ്രവും ഉടന്‍ ആരംഭിക്കും. പോളിമര്‍ കൃഷി രീതിയിലാണ് വിത്തുകള്‍ മുളപ്പിച്ചെടുത്ത് വിതരണം ചെയ്യുക.