മഴക്കെടുതി: ചേര്‍പ്പ് പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

post

തൃശൂര്‍ : ചേര്‍പ്പ് പഞ്ചായത്തില്‍ എട്ട്മന, ഇഞ്ചമുടി എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടതിനെ തുടര്‍ന്ന് സി എന്‍ എന്‍ ഗേള്‍സ് എല്‍ പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. കനത്ത മഴയില്‍ ജില്ലയിലെ തീരദേശ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും വെള്ളം ഒഴുകി പോകാന്‍ ഇടയില്ലാത്തതിനാല്‍ 24 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. 10 കുട്ടികളും 31 പുരുഷന്മാരും 31 സ്ത്രീകളുമായി 72 പേരാണ് ക്യാമ്പിലുള്ളത്. ഇതില്‍ 14 വയോജനങ്ങളുണ്ട്.

ചേര്‍പ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ വന്ന് പരിശോധന നടത്തി. ഹെല്‍ത്തില്‍ നിന്ന് സാനിറ്റൈസറും ചേര്‍പ്പ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പലചരക്ക് സാധനങ്ങളും എത്തിച്ചുവെന്ന് സി എന്‍ എന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ക്യാമ്പ് ഇന്‍ചാര്‍ജുമായ രാജീവ് കുമാര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്യാമ്പില്‍ അന്തേവാസികള്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയത്തില്‍ ആയിരത്തിനാനൂറിലധികം പേര്‍ ഇവിടെ താമസിച്ചിരുന്നു.