ജില്ല പഞ്ചായത്തിന്റെ 50,000 ആന്റിജന്‍ കിറ്റുകള്‍ കൈമാറി

post

സ്വാബ് ശേഖരണത്തിനുള്ള കിയോസ്‌കുകള്‍ ഉടന്‍ സ്ഥാപിച്ചുതുടങ്ങും

ആലപ്പുുഴ: ജില്ലയിലെ തീരപ്രദേശത്തെ കോവിഡ് വ്യാപനമുള്‍പ്പെടെ നിയന്ത്രിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വാങ്ങി നല്‍കിയ 50,000 ആന്റിജന്‍ പരിശോധനാ കിറ്റുകള്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍ക്ക് കൈമാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കിറ്റുകളുടെ ആവശ്യകത സംബന്ധിച്ച് നേരത്തെ ജില്ല കളക്ടറും ജില്ല മെഡിക്കല്‍ ഓഫീസറും  ജില്ല പഞ്ചായത്ത് പ്രസിഡന്റുുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതുപ്രകാരം പ്രത്യേക ഭരണ സമിതി യോഗം ചേര്‍ന്നാണ് കിറ്റുകള്‍ വാങ്ങുന്നതിന് പണം കണ്ടെത്തി നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജില്ല പഞ്ചായത്ത് നാടിന്റെ ആവശ്യത്തിന് പ്രഥമ പരിഗണന നല്‍കി 50,000 കിററുകള്‍ വാങ്ങാനും 23 ഡിവിഷനുകളില്‍ കിയോസ്‌കുകള്‍ വാങ്ങി സ്ഥാപിക്കാനും തീരുമാനിക്കുകയായിരുന്നെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ സാമ്പിള്‍ ശേഖരിക്കുന്ന സമയത്ത് സുരക്ഷ ഒരുക്കുന്നതിനും രോഗഭീഷണി ഒഴിവാക്കുന്നതിനുമായാണ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്. മൂന്നര കോടി രൂപയുടെ പദ്ധതിയാണ് ഇത്തരത്തില്‍ നടപ്പാക്കുന്നതെന്നും സംസ്ഥാനത്ത് തന്നെ ഒരു ജില്ല പഞ്ചായത്ത് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിച്ച നടപ്പാക്കുന്നത് അപൂര്‍വ മായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ പല പദ്ധതികളുടെയും ഫണ്ട് കുറവു വരുത്തിയും പല പദ്ധതികളും ഒഴിവാക്കി കൊണ്ടുമാണ് പഞ്ചായത്ത് കമ്മിറ്റി കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തരം നടപടികള്‍ സ്വീകരിച്ചുവരുന്നത്.

ജില്ലയില്‍ ചില ക്ലസ്റ്ററുകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നുും അത് വഴി കൂടുതല്‍ രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ജില്ല കളക്ടര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാര്‍ച്ച് മാസം മുതല്‍ നല്‍കിവരുന്ന ഭക്ഷണം മുടക്കംകൂടാതെ തുടരുന്നു.15 ലക്ഷം രൂപയിലധികം ഇപ്പോള്‍ തന്നെ ഈയിനത്തില്‍ ചെലവഴിച്ചു കഴിഞ്ഞു. കൂടാതെ കോവിഡിന്റെ തുടക്കത്തില്‍ തന്നെ എല്ലാ ഗ്രാമ പഞ്ചായത്തുകളുടെയും വിവിധ സ്ഥലങ്ങളില്‍ കൈകഴുകല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും പഞ്ചായത്തുകളിലെ എല്ലാ ആശാവര്‍ക്കര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഫേസ്ഷീല്‍ഡും സാനിട്ടൈസറും മാസ്‌കും വിതരണം ചെയ്യുകയും, പോലീസ് സേനയ്കായി കുടിവെള്ളം (ബോട്ടില്‍) വാങ്ങിച്ചു നല്‍കുകയും ചെയ്തു. ഇതിനുപുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവനയായി നല്‍കുകയും ചെയ്തിരുന്നു.