പി കെ കാളൻ പട്ടികവർഗ പദ്ധതിയില്‍ കുടുംബശ്രീ ജില്ലാ മിഷൻ വീടൊരുക്കുന്നു

post

തറക്കല്ലിടൽ പി പി ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു

പി കെ കാളൻ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുന്നു. മാരാരിക്കുളം സൗത്ത് പഞ്ചായത്ത് ഇരുപതാം വാർഡിൽ പള്ളിക്കുടം പറമ്പിൽ തങ്കമ്മക്ക് നിർമ്മിക്കുന്ന വീടിൻ്റെ തറക്കല്ലിടൽ പി പി ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. 430 ചതുരശ്രയടി വിസ്തീർണത്തിൽ ഏഴ് ലക്ഷം രൂപയിലാണ് പുതിയ വീട് നിർമിക്കുക. പട്ടികവർഗ യുവതീ യുവാക്കളുടെ ഉപജീവന പദ്ധതിയായ കെ-ടിക് (കുടുംബശ്രീ ട്രൈബൽ ഇന്നൊവേഷൻ സെന്റർ) ഉപജീവന പദ്ധതി രേഖാ സമർപ്പണവും ഫണ്ടും ഇതോടൊപ്പം വിതരണം ചെയ്തു. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മൂന്ന് യുവതി, യുവാക്കൾക്കുള്ള ആദ്യ ഗഡുവായ 50,000 രൂപയാണ് സിഡിഎസിലേക്ക് നൽകിയത്.

ചടങ്ങിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി സംഗീത അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷ ഷീല സുരേഷ്, പഞ്ചായത്തംഗം മെറ്റൽഡാ മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ് രഞ്ജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ മോള്‍ജി ഖാലിദ്, സിഡിഎസ് ചെയർപേഴ്സൺ ജി ലളിത, പ്രദേശവാസികൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.