ആലപ്പുഴയിൽ തെരുവ്നായ നിയന്ത്രണത്തിനും പേ വിഷബാധ പ്രതിരോധത്തിനും കര്‍മ്മപരിപാടിയായി

ജില്ലാ പഞ്ചായത്ത് ആഭിമുഖ്യത്തില്‍ ശില്പശാല സംഘടിപ്പിച്ചു
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വളര്‍ത്തുനായ-തെരുവ്നായ നിയന്ത്രണ പരിപാടി തയ്യാറാക്കുന്നതിന് ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു.
തെരുവ് നായ്ക്കളുടെ വന്ധ്യംകരണം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ നായ് പിടുത്തത്തിലും വന്ധ്യംകരണത്തിലും കൃത്യമായ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പ്രാരംഭഘട്ടത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന് ജില്ലയില്‍ നടപ്പാക്കും. വളര്‍ത്തുമൃഗങ്ങളുടെയും തെരുവുനായ്കളുടെയും വിഷയത്തില്‍ കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലയിലെ മൃഗസ്നേഹികളെ പങ്കെടുപ്പിച്ചുകൊണ്ട് ഈ ആഴ്ച തന്നെ യോഗം ചേരും. കൂടാതെ വെറ്ററിനറി ഡോക്ടര്‍മാരുടെ യോഗം സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പേവിഷബാധക്കെതിരായ വാക്സിനേഷന്, തെരുവുനായ ശല്യം എന്നീ വിഷയങ്ങള്‍ ശില്പശാലയില് ചര്‍ച്ച ചെയ്തു. പേവിഷബാധയ്ക്കെതിരായ റാബിസ് വാക്സിന് കാര്യക്ഷമമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ 13,571 തെരുവുനായ്ക്കളെ വാക്സിനേഷന് വിധേയമാക്കി. ആലപ്പുഴ നഗരസഭയില്‍ 77 ശതമാനം വാക്സിനേഷന് പൂര്‍ത്തിയാക്കാനായി. മറ്റ് തദ്ദേശസ്ഥാപനങ്ങളിലും വേഗത്തില്‍ വാക്സിനേഷന് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ജില്ലയില്‍ തെരുവുനായ് നിയന്ത്രണത്തിനും പേ വിഷബാധ പ്രതിരോധത്തിനും കര്‍മ്മ പരിപാടിയായി. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് എബിസി സെന്ററുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ വേഗം കൈവരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നിലവില്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് അംഗീകാരം നേടി പ്രവര്‍ത്തിച്ചുവരുന്ന കണിച്ചുകുളങ്ങരയിലെ എബിസി സെന്ററില്‍ ഡോക്ടര്‍മാര്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വര്‍ധിപ്പിക്കും. സംസ്ഥാനത്ത് ആരംഭിക്കുന്ന ഏഴ് പോര്‍ട്ടബിള്‍ എബിസി സെന്ററുകളില്‍ ഒന്ന് ജില്ലയില്‍ അനുവദിക്കുന്നതിന് സംസ്ഥന സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യും.
ജില്ലയില്‍ ആവശ്യമായ നായ് പിടുത്തക്കാരില്ലാത്തത് മൂലമുള്ള പ്രശ്നം പരിഹരിയ്ക്കുന്നതിന് താല്പര്യമുള്ളവര്ക്ക് അടിയന്തരമായി പരിശീലനം കൊടുക്കും. സ്കൂളുകള്‍, അങ്കണവാടികള്‍ എന്നിവയുടെ പരിസരങ്ങളില്‍ പ്രത്യേക ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി വാക്സിനേഷന്, ക്യാച്ചര്‍ എന്നീ സേവനങ്ങള്‍ ഉറപ്പാക്കും. ജില്ലയില്‍ ഏറ്റവുമധികം തെരുവുനായ്കളുടെ കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്ത്, പ്രദേശം എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നായ, പൂച്ച എന്നിവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതിനും വാക്സിനേഷന് എടുക്കുന്നതിനുമുള്ള നടപടികള്‍ കര്‍ശനമാക്കും. നായ വളര്‍ത്തുന്നയാള്‍ക്ക് അതിന്റെ പൂര്‍ണ ഉത്തരവാദിത്വം നല്‍കുന്നതിനുള്ള നിയമവും കര്‍ശനമായി നടപ്പാക്കും. തെരുവ് നായ്ക്കളുടെ ഫീഡ് ചെയ്യുന്നതിന് ലൈസന്‍സുള്ള അനിമല്‍ ഫീഡേഴ്സിനെ കണ്ടെത്തി ഇതിനായി പ്രത്യേക പ്രദേശം തിരിച്ചു നല്‍കും. സ്വകാര്യ വ്യക്തികള്‍, മൃഗസംരക്ഷണ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍, ഫീഡിംഗ് സ്റ്റേഷനുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കും.
ശില്പശാലയില് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു അധ്യക്ഷയായി. മൃഗസംരക്ഷണ ബോര്‍ഡ് അംഗം ഡോ. ആര് വേണുഗോപാല്‍, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ സി അലക്സ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ് കുമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി വി അരുണോദയ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ദിലീപ്കുമാര്, ഡിപിഎം ഡോ. കോശി സി പണിക്കര്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ സി സി നിത്യ, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് പി വി വിനോദ്, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.