അസുഖം മാറ്റാന്‍ ഔഷധക്കാപ്പി

തിരുവനന്തപുരം: കുറഞ്ഞ ചിലവില്‍ പലകൂട്ടം അസുഖങ്ങള്‍ക്കു പരിഹാരമേകി ഔഷധക്കാപ്പി. കനകക്കുന്ന് വസന്തോത്സവത്തില്‍ ഒരുക്കിയ ഗോത്ര ഭക്ഷ്യശാലയിലാണ് ഈ ഔഷധക്കാപ്പി ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ചുക്ക്, കുരുമുളക്, കൃഷ്ണതുളസി, നന്നാറി, ത്രിഫലി, നറുനണ്ടി വേര്, മഞ്ഞള്‍ തുടങ്ങി പത്തോളം ചേരുവകള്‍ ചേര്‍ന്നതാണ് ഈ സവിശേഷ വയനാടന്‍ വിഭവം. ഇവയെല്ലാം തന്നെ കാടുകളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നവയാണെന്നതാണ് പ്രത്യേകത.
ശ്വാസംമുട്ട്, തലവേദന, ഒച്ചയടപ്പ്, കഫക്കെട്ട്, എന്നീ രോഗങ്ങള്‍ക്കും, ശ്വാസകോശ, ആമാശയ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും ആശ്വാസവും ഒരു നവോന്മേഷവും ഈ കാപ്പി സമ്മാനിക്കുന്നു. ഇരുപത് രൂപയാണ് ഔഷധക്കാപ്പിയുടെ വില. കാപ്പിക്ക് പുറമെ മുളയരി പായസം, റാഗി പഴംപൊരി, ചാമയരി ഉപ്പുമാവ്, കപ്പ, ചമ്മന്തി, ചുക്കുകാപ്പി, കാച്ചില്, മസാല ഇല്ലാത്ത കാന്താരി ചിക്കന്‍ കറി, കപ്പപ്പുഴുക്ക്, കാന്താരിചമ്മന്തി, നന്നാറിയിട്ട നാരങ്ങാവെള്ളം, കാച്ചില്, കസ്തൂരിമഞ്ഞള്‍ തെരളി, കരിമ്പ്, ചുട്ട കപ്പ എന്നിവയും ഇവിടെ ലഭ്യമാണ്. തേങ്ങക്കു പകരം ഉപയോഗിക്കുന്ന പറണ്ടക്കായയും വില്‍പ്പനക്കുണ്ട്. ശ്വാസകോശരോഗങ്ങള്‍ക്ക് ഏറെ ഗുണകരമാണ് പറണ്ടക്കായ. ഒന്നിന് മുപ്പത് രൂപയാണ് വില. വസന്തോത്സവം ജനുവരി മൂന്നിന് അവസാനിക്കും.