കടലേറ്റം അതിശക്തം: എടവിലങ്ങില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

post

തൃശൂര്‍ : എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളില്‍ കടലേറ്റം അതിശക്തിയായി തുടരുന്നതിനാല്‍ എടവിലങ്ങില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തീരദേശ റോഡ് തകര്‍ത്ത് കടല്‍ ജലം അര കിലോമീറ്റര്‍ കിഴക്കോട്ടൊഴുകി അറപ്പ തോടും ഇടതോടുകളും നിറഞ് വെള്ളം ഉയര്‍ന്നതോടെ അഞ്ഞൂറിലേറെ വീടുകളില്‍ വെള്ളം കയറി. കടലിനോട് ചേര്‍ന്നുള്ള നൂറു കണക്കിന് വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. എറിയാട് പഞ്ചായത്തില്‍ അഴീക്കോട് ലൈറ്റ് ഹൗസ്, എറിയാട് ചന്ത, മണപാട്ടുചാല്‍, ചേരമാന്‍ എന്നിവിടങ്ങളിലും എടവിലങ്ങ് പഞ്ചായത്തില്‍ കാര, വാക്കടപ്പുറം, തട്ടുകടവ് പ്രദേശത്തും ശ്രീനാരായണപുരം പഞ്ചായത്തില്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍, അഞ്ചങ്ങാടി എന്നീ കടപ്പുറങ്ങളിലുമാണ് കടലേറ്റം രൂക്ഷമായത്. രാവിലെ മുതല്‍ വന്‍ തിരമാലകള്‍ ഉയര്‍ന്നു മൂന്ന് മീറ്ററിലേറെയാണ് തിരമാല ഉയര്‍ന്നത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലരും ബന്ധു വീടുകളിലേക്ക് താമസം മാറ്റി. അര കിലോ മീറ്റര്‍ ദൂരത്തോളം കരയിലേക്ക് കടലെത്തി.

എറിയാട് പഞ്ചായത്തിലെ ഒന്ന്, 20, 22, 23 വാര്‍ഡുകള്‍ എടവിലങ്ങ് പഞ്ചായത്തിലെ 12,13,14 വാര്‍ഡുകളും പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. എടവിലങ്ങ് പുതിയ റോഡില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വീണു. ഒരു മാസത്തിനിടെ രണ്ടാം വട്ടമാണ് കടല്‍ക്ഷോഭം മൂലം ജനം ദുരിതത്തിലാകുന്നത്. കൂളിമുട്ടം വില്ലേജില്‍ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും വല്ലാര്‍വട്ടത്ത് സുദേവന്‍, മുല്ലങ്ങത്ത് ചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. അഴീക്കോട് വില്ലേജിലെ പൂതം വീട്ടില്‍ പുഷ്പന്‍ ഭാര്യ കാഞ്ചനയുടെ വീടിന് മുകളില്‍ തെങ്ങ് വീണ് ഭാഗിക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

എറിയാട് പഞ്ചായത്തിന്റെയും ശ്രീനാരായണപുരം പഞ്ചായത്തിനെയും തീരപ്രദേശത്ത് കടല്‍ക്ഷോഭം രൂക്ഷമാണെങ്കിലും നിലവില്‍ പഞ്ചായത്ത് പരിധിയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടില്ല, ദുരിതബാധിതരായവര്‍ ബന്ധുവീടുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ അധികൃതര്‍ തയ്യാറായെങ്കിലും കോവിഡ് 19 ഭീതിയില്‍ ആളുകള്‍ ക്യാമ്പിലേക്ക് വരാന്‍ തയ്യാറാകുന്നില്ല. കനോലി കനാലിന്റെ ഇരുകരകളിലും താമസിക്കുന്ന നിരവധി വീടുകളില്‍ വെള്ളം കയറി. വലിയ പണിക്കന്‍തുരുത്ത് പടന്ന പ്രദേശങ്ങളും വെള്ളത്തിലാണ്.

എടവിലങ്ങ് പഞ്ചായത്തിലെ ഫിഷറീസ് സ്‌കൂളിലും, കാര സെന്റ് ആല്‍ബന സ്‌കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണി വരെ രണ്ട് ക്യാമ്പുകളിലുമായി 8 കുടുംബങ്ങളാണ് എത്തിയിട്ടുള്ളത്. ക്യാമ്പിലേക്ക് ആവശ്യമായ സൗകര്യങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പഞ്ചായത്ത് പ്രസിഡണ്ട് എ.പി ആദര്‍ശിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.