പെരിങ്ങല്‍ക്കുത്തില്‍ രണ്ട് സ്ലൂയിസുകള്‍ തുറന്നു

post

തൃശൂര്‍ : പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് 421 മീറ്റര്‍ കടന്നതിനെ തുടര്‍ന്ന് രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ തുറന്നു. ഡാമില്‍ നിന്ന് സ്ലൂയിസ് വഴിയും ക്രസ്റ്റ് ഗേറ്റുകള്‍ ചാലക്കുടി പുഴയിലേക്ക് ജലമൊഴുകുന്നതിനാല്‍ പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച ജില്ലയില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചതിനാല്‍, ജലനിരപ്പ് 415 മീറ്ററായി താഴ്ത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറിന് 419.70 മീറ്ററാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 64.69 ശതമാനമാണ് ഡാമില്‍ സംഭരിച്ചിട്ടുള്ളത്. ക്രസ്റ്റ് ഗേറ്റുകള്‍ വഴി സെക്കന്‍ഡില്‍ 23.14 ക്യുബിക് മീറ്റര്‍ ജലവും സ്ലൂയിസുകള്‍ വഴി സെക്കന്‍ഡില്‍ 361.28 ക്യുബിക് മീറ്റര്‍ ജലവും ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നുണ്ട്. 424 മീറ്ററാണ് പെരിങ്ങല്‍ക്കുത്തിന്റെ പൂര്‍ണ സംഭരണ നില.

പെരിങ്ങല്‍ക്കുത്തിന്റെ മുകളിലുള്ള കേരള ഷോളയാര്‍ ഡാമില്‍ സംഭരണ ശേഷിയുടെ 57.31 ശതമാനം മാത്രമാണ് ഇപ്പോള്‍ ജലം സംഭരിച്ചിട്ടുള്ളത്. 2635 അടിയാണ് വെള്ളിയാഴ്ച രാവിലത്തെ ജലനിരപ്പ്. പൂര്‍ണ സംഭരണ നില 2663 അടിയാണ്. അതേസമയം, തമിഴ്‌നാട് ഷോളയാര്‍ ഡാം പൂര്‍ണ സംഭരണ നിലയിലേക്ക് നീങ്ങുകയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് 3293.12 അടിയായി ജലനിരപ്പ് ഉയര്‍ന്നതോടെ അവസാനത്തെ പ്രളയമുന്നറിയിപ്പ് തമിഴ്നാട് പുറപ്പെടുവിച്ചു. എന്നാല്‍, തമിഴ്‌നാട് ഷോളയാറില്‍നിന്ന് കേരള ഷോളയാറിലേക്ക് വെള്ളം തുറന്നുവിട്ടാലും അത് സംഭരിക്കാന്‍ കേരള ഷോളയാറിന് കഴിയുമെന്നതിനാല്‍ അതുവഴി പെരിങ്ങല്‍ക്കുത്തില്‍ ആശങ്കയില്ല. 95 ശതമാനം വരെ കേരള ഷോളയാറില്‍ ജലം സംഭരിച്ചുനിര്‍ത്താന്‍ കഴിയും. തമിഴ്‌നാടിന്റെ തന്നെ, പറമ്പിക്കുളം ഡാമിലും ജലനിരപ്പ് കുറവാണ്.

എന്നാല്‍, തമിഴ്‌നാട്ടിലെ തന്നെ തൂണക്കടവ് ഡാമില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് ജലനിരപ്പ് 1767 അടിയായി പൂര്‍ണ സംഭരണ ശേഷിയില്‍ ആയതിനാല്‍ ഒന്നാമത്തെ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി തമിഴ്‌നാട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ കനത്തതിനെ തുടര്‍ന്നാണിത്. തൂണക്കടവ് ഡാം തുറക്കുന്നതായി വ്യാഴാഴ്ച ഉച്ച ഒരു മണിക്ക് അറിയിപ്പ് ലഭിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ തൂണക്കടവ് ഡാം തുറന്നാല്‍ പെരിങ്ങല്‍ക്കുത്തില്‍ ജലനിരപ്പ് ഉയരാനും ചാലക്കുടിപുഴയിലേക്ക് കൂടുതല്‍ ജലം ഒഴുക്കാനും സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.