വൃദ്ധസദനത്തില്‍ താലികെട്ട് കൊച്ചനിയനും ലക്ഷ്മി അമ്മാളും ഒന്നായി

post

തൃശൂര്‍: രണ്ട് പതിറ്റാണ്ട് മുമ്പ് വടക്കുംനാഥന്റെ മുമ്പില്‍ വായിച്ചു മുഴുമിപ്പിക്കാത്ത നാദസ്വര കച്ചേരിയിലെവിടെയോ കോര്‍ത്ത് ചേര്‍ന്നു പോയതാണ് പക്ഷെ കാലത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ഒടുവില്‍ ജീവിത സായാഹ്നത്തില്‍ അവരൊന്നായി ലക്ഷ്മി അമ്മാളും കൊച്ചനിയനും. രാമവര്‍മ്മപുരം ഗവ. വൃദ്ധസദനത്തിലെ താല്‍ക്കാലിക മണ്ഡപത്തില്‍ നാദസ്വര മാധുരിയുടെ അകമ്പടിയോടെ കല്ല്യാണപ്പുടവയും മുല്ലപ്പൂവുമണിഞ്ഞ് വധുവായി അവരെത്തി. കൊച്ചനിയന്‍ നേരത്തെ എത്തിയിരുന്നു. വൃദ്ധസദനത്തിലെ സഹവാസികള്‍ അവരുടെ സമ്പാദ്യം ചേര്‍ത്ത് സമ്മാനമായി നല്‍കിയ താലിമാല കൊച്ചനിയന്‍ ലക്ഷ്മി അമ്മാളിന്റെ കഴുത്തില്‍ അണിയിച്ചു. സംസ്ഥാനത്താദ്യമായി സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നടക്കുന്ന ആദ്യവിവാഹം. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഇരുവരുടേയും കൈകള്‍ ചേര്‍ത്തു വച്ചു. ഷഷ്ടിപൂര്‍ത്തിയുടെ നിറവില്‍ ഒന്നായ രണ്ടു മനസ്സുകള്‍.

തൃശ്ശൂര്‍ രാമവര്‍മ്മപുരം വൃദ്ധസദനത്തിലെ താമസക്കാരായ കൊച്ചനിയന്‍ (67), ലക്ഷ്മിയമ്മാള്‍ (66) എന്നിവരാണ് ശനിയാഴ്ച രാവിലെ 11ന് വിവാഹിതരായത്. തൃശൂര്‍ മേയര്‍ അജിതാ വിജയന്റെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും ഗായകന്‍ സന്നിധാനന്ദന്റെ പാട്ടും നവദമ്പദിതള്‍ക്ക് സമ്മാനമായി. എത്തിയവര്‍ക്കെല്ലാം സമൃദ്ധമായ വിവാഹസദ്യ. ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. വി കെ സുരേഷ്‌കുമാര്‍ വൃദ്ധസദനം മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍, വൃദ്ധസദനം സൂപ്രണ്ട് വി ജി ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവാഹം ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

ഡെപ്യൂട്ടി മേയര്‍ റാഫി ജോസ്, കൗണ്‍സിലര്‍മാരായ ശാന്ത അപ്പു, രജനി വിജു തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. സ്‌നേഹോപഹാരങ്ങളുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരും വൃദ്ധ സദനത്തില്‍ എത്തിച്ചേര്‍ന്നു. തൃശൂര്‍ പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാള്‍ പതിനാറാം വയസില്‍ വിവാഹിതയായിരുന്നു. പാചക സ്വാമിയെന്ന് പ്രസിദ്ധനായ 48 കാരനായ കൃഷ്ണയ്യര്‍ സ്വാമിയുടെ വധുവായി ജീവിതം തുടങ്ങിയവള്‍.

അക്കാലത്ത് വടക്കുംനാഥക്ഷേത്രത്തില്‍ നാദസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയന്‍. ദിവസവും ക്ഷേത്ര ദര്‍ശനം പതിവായ സ്വാമിയും ലക്ഷ്മിയമ്മാളും കൊച്ചനിയനെ പരിചയപ്പെടുന്നത് വടക്കുംനാഥ സന്നിധിയില്‍ നിന്നാണ്. സൗഹൃദം കൊച്ചനിയനെ സ്വാമിയുടെ പാചകസഹായിയാക്കി മാറ്റി. 20 വര്‍ഷം മുന്‍പ് കൃഷ്ണസ്വാമി മരിച്ചു. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനര്‍വിവാഹം കഴിക്കാന്‍ കൊച്ചനിയന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സമ്മതിച്ചില്ല. കൊച്ചനിയന്‍ പിന്നീട് വിവാഹിതനായെങ്കിലും പിന്നീട് ഭാര്യ മരിച്ച് ഒറ്റപ്പെടുകയായിരുന്നു. ഒന്നരവര്‍ഷം മുന്‍പാണ് ലക്ഷ്മിയമ്മാള്‍ രാമവര്‍മ്മപുരം വൃദ്ധസദനത്തിലെത്തിയത്. കൊച്ചനിയന്‍ അമ്മാളെ കാണനെത്താറുണ്ട്. ഇതിനിടെ ഗുരുവായൂരില്‍ കുഴഞ്ഞുവീണ കൊച്ചനിയനെ ആശുപത്രിയിലും പിന്നീട് വയനാട് വൃദ്ധമന്ദിരത്തിലുമാക്കി. ഇവിടെവച്ച് ലക്ഷ്മിയമ്മാളെക്കുറിച്ച് പറഞ്ഞപ്പോള്‍ രണ്ടുമാസം മുന്‍പാണ് രാമവര്‍മ്മപുരത്ത് എത്തിച്ചത്.

വൃദ്ധസദനങ്ങളില്‍ കഴിയുന്നവര്‍ക്ക് പരസ്പരം ഇഷ്ടമാണെങ്കില്‍ നിയമപരമായി വിവാഹം കഴിക്കാവുന്നതാണെന്ന് സാമൂഹ്യനീതി വകുപ്പ് അനുവാദം നല്‍കിയിരുന്നു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജുപ്രഭാകറിന്റെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് ചേര്‍ന്ന വൃദ്ധസദനം സൂപ്രണ്ടുമാരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ദമ്പതികള്‍ക്ക് താമസിക്കാന്‍ കപ്പിള്‍ റൂം വേണമെന്നും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം കേരളത്തില്‍ നടക്കുന്ന ആദ്യവിവാഹമാണ് രാമവര്‍മപുരം വ്യദ്ധസദനത്തില്‍ യാഥാര്‍ഥ്യമായത്.