വിവാഹ വേദിയില്‍ ഫസ്റ്റ് ലൈന്‍ സെന്ററിന് ധനസഹായം നല്‍കി നവദമ്പതികള്‍

post

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ നഗരസഭയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന് ധനസഹായം നല്‍കി നവദമ്പതികള്‍. സരിന്‍- ഫെയ്ഹ ദമ്പതികളാണ് തങ്ങളുടെ വിവാഹവേദിയില്‍ വെച്ച് ട്രീറ്റ്‌മെന്റ് സെന്ററിന് സഹായം നല്‍കിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കറുകപ്പാടത്ത് സലീമിന്റെയും പുല്ലൂറ്റ് വി.കെ.രാജന്‍ മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാഹിദയുടെയും മകനാണ് സരിന്‍. അഴീക്കോട് കിണറ്റിങ്ങല്‍ കരിമിന്റെ മകളാണ് ഫെയ്ഹ. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തിയ വിവാഹവേദിയില്‍ അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം എല്‍ എ, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ എന്നിവര്‍ ചേര്‍ന്ന് വധൂവരന്‍മാരില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി. 

താലൂക്ക് ഗവ.ആശുപത്രിയെ കൂടാതെ പുല്ലൂറ്റ് മുസിരിസ് പ്രൊജക്റ്റിന്റെ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇപ്പോള്‍ നഗരസഭ രണ്ടാമത്തെ കോവിഡ് ചികിത്സാ കേന്ദ്രം തയ്യാറാക്കുന്നത്. 250 പേരെ ചികിത്സിക്കുവാന്‍ സൗകര്യമുള്ള ഈ കേന്ദ്രത്തില്‍ കട്ടിലുകള്‍, കിടക്കകള്‍ ഉള്‍പ്പെടെ ആവശ്യമായ സംവിധാനങ്ങള്‍ സജ്ജമാക്കി കൊണ്ടിരിക്കുകയാണ്. ഇനിയും വിവിധ ഉപകരണങ്ങള്‍ കൂടി ഈ കേന്ദ്രത്തിലേക്ക് ലഭ്യമാക്കേണ്ടതുണ്ട്. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബീദലി, ടി.കെ.രമേഷ് ബാബു, സി.കെ.രാമനാഥന്‍, ജോഷി എന്നിവര്‍ പങ്കെടുത്തു.